കാസർകോട്: കടലോരത്ത് താമസിക്കുന്നവർക്ക് എന്നും ദുരിതം സമ്മാനിക്കുന്നത് മഴക്കാലമാണ്. കടലോരത്തെ ഭൂമിയിൽ ഏറെയും കടൽ കൊണ്ടുപോയ കാഴ്ചയാണ് കാസർകോടുള്ള തീരപ്രദേശങ്ങളിലെ ജനങ്ങൾക്ക് പറയാനുള്ളത്. ജൂൺ, ജൂലൈ മാസങ്ങളിൽ ഇവർക്ക് വറുതിയുടെ നാളുകൾ മാത്രമല്ല സമ്മാനിക്കുന്നത്. തങ്ങളുടെ തലമുറകളായി കൈമാറിവന്ന ഭൂമിയടക്കമാണ് നഷ്ടപ്പെടുന്നത്. ഉദുമയിലെ ജന്മ തീരദേശ നിവാസികളിൽ ഭീതിയുടെ കരിനിഴൽ വീഴ്ത്തുകയാണ് തുടർച്ചയായുള്ള കടൽ കൈയേറ്റം. മണൽചാക്കുകൾ ഭിത്തികളായി നാട്ടുകാർ കൊണ്ടുവെച്ചിട്ടുണ്ടെങ്കിലും അതൊന്നും കടലിനെ ജയിക്കാൻ പോന്നതായിരുന്നില്ല. നിലവിൽ തീരപ്രശേത്തെ കുലച്ച അമ്പത് തെങ്ങോളം കടൽ കൊണ്ടുപോയെന്ന് പ്രദേശവാസി രാജേഷ് പറയുന്നു. 15 വർഷത്തിനിപ്പുറം ഒരു നടപടിയും ഇത് തടുക്കാൻ പാകത്തിൽ ഇവിടെ ഉണ്ടായിട്ടില്ല എന്നും തീരവാസികൾ പറയുന്നുണ്ട്. കൂടാതെ, വീടുകളിലേക്ക് പ്രവേശിക്കാനുള്ള ഏക റോഡും തിരമാലയിൽ തകർന്നതോടെ സ്ഥിതി പ്രതിസന്ധിയിലായിരിക്കുകയാണ്. റോഡില്ലാത്തത് പ്രദേശത്തെ വയോജനങ്ങൾക്കടക്കം വലിയ ദുരിതമാണുണ്ടാക്കുന്നത്. റോഡ് പൂർണമായും തകർന്നതിനാൽ അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിൽ പോകാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ജന്മ സ്വദേശി ചന്ദ്രാവതി പറഞ്ഞു.
തീരപ്രദേശത്ത് നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ഓരോ മഴക്കാലമാകുമ്പോഴും തിരമാലയുടെ ശക്തി കൂടുകയും അത് തീവ്രമാകുകയുമാണെന്നാണ് ഇവിടത്തെ താമസക്കാർ പറയുന്നത്. ഉദുമയിലെ ജന്മ, കൊവ്വൽ, കൊപ്പൽ, കാപ്പിൽ തുടങ്ങിയ പ്രദേശങ്ങളിലെ കടലെടുത്ത തീരപ്രദേശങ്ങളുടെ കാഴ്ച ഭീതിയുളവാക്കുന്നതാണ്. അഗാഥ ഗർത്തമാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. ഇതിന് തൊട്ടാണ് തീരദേശ ഹൈവേയുടെ കല്ല് പാകിയിരിക്കുന്നത്. കടലെടുക്കുന്ന പട്ടികയിൽ ഇനി ഇതും പെടുമെന്ന് തീർച്ചയാണ്. ജനപ്രതിനിധികൾ ആരുംതന്നെ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല എന്നാണ് ജനങ്ങൾ പറയുന്നത്. കടൽക്ഷോഭം രൂക്ഷമായതോടെ സമീപവാസികൾ റോഡരികിൽ മണൽചാക്കുകൾ ഉപയോഗിച്ച് താൽക്കാലിക തടയണ നിർമിച്ചിട്ടുണ്ട്.
തീരപ്രദേശത്തെ ദുരിതാവസ്ഥ നേരിട്ട് മനസ്സിലാക്കിയെന്നും അടിയന്തരാവശ്യത്തിനായി ജിയോബാഗ് വെക്കാൻ പറഞ്ഞിട്ടുണ്ടെന്നും കൂടാതെ, 25 കോടിയുടെ ഒരു പ്രോജക്ട് കേന്ദ്രത്തിൽ സമർപ്പിച്ചിട്ടുണ്ടെന്നും അത് ലഭ്യമാക്കാനായി പരിശ്രമിക്കുമെന്നും സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു.
കാസർകോട്: ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ തീരസംരക്ഷണത്തിന് നടപടി സ്വീകരിച്ച് തീരദേശവാസികളുടെ ഭീതിയകറ്റണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ജില്ല വികസനസമിതി യോഗം നിർദേശിച്ചു.
കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ ജിയോ ബാഗ് ഉപയോഗിച്ച് താൽക്കാലിക കടൽഭിത്തി നിർമിക്കണം. പള്ളിക്കര, തൃക്കണ്ണാട്, ഉദുമ പടിഞ്ഞാർ, ജന്മകടപ്പുറം എന്നിവിടങ്ങളിൽ കടലാക്രമണം രൂക്ഷമാണെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ യോഗത്തിൽ പറഞ്ഞു. കാവുഗോളി, കീഴൂർ, പെരിങ്ങാടി, നാങ്കി, അഴിത്തല എന്നീ തീരങ്ങളിലും കടലാക്രമണം രൂക്ഷമാണ്. കാവുഗോളി, കീഴൂർ എന്നിവിടങ്ങളിലായി 50 ലക്ഷം രൂപയുടെ കടൽഭിത്തി നിർമാണം ടെൻഡർ നടപടിയിലാണെന്ന് ജലസേചനവകുപ്പ് എക്സിക്യൂട്ടിവ് എൻജിനിയർ യോഗത്തിൽ അറിയിച്ചു.
കടലാക്രമണം മൂലമുള്ള പ്രശ്നങ്ങൾ പരിശോധിക്കാൻ ജില്ലയിലെ കടലോരത്ത് ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ ടീം സന്ദർശനം നടത്തി റിപ്പോർട്ട് നൽകണമെന്ന് കലക്ടർ കെ. ഇമ്പശേഖർ അറിയിച്ചിട്ടുണ്ട്. കടലാക്രമണം തടയുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കണമെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.