ചെറുവത്തൂർ: കേരള സർക്കാർ കായിക യുവജനകാര്യ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ എം.എൽ.എ ഫണ്ടും സംയോജിപ്പിച്ച് 94 ലക്ഷം രൂപ വിനിയോഗിച്ച് തൃക്കരിപ്പൂർ മണ്ഡലത്തിലെ ചെറുവത്തൂരിൽ അത്യാധുനിക സൗകര്യമുള്ള സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ സ്ഥാപിക്കാൻ സർക്കാർ അനുമതിയായെന്ന് എം. രാജഗോപാലൻ എം.എൽ.എ അറിയിച്ചു.
ചെറുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ സി.ഡി.എസ് ഓഫിസ് പ്രവർത്തിക്കുന്ന ബിൽഡിങ്ങിന്റെ രണ്ടാംനില ജിംനേഷ്യം നിർമിക്കാനായി പഞ്ചായത്ത് വിട്ടുനൽകിയതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് ഇതിനകംതന്നെ കെട്ടിടനിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.
ഫിറ്റ്നസ് സെന്ററിന് ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിന് കായിക യുവജനകാര്യ വകുപ്പിൽനിന്ന് 69 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ ചെറുവത്തൂരില്‍ ആധുനിക സൗകര്യമുള്ള മള്‍ട്ടി ജിംനേഷ്യം യാഥാർഥ്യമാവുകയാണ്. ഫിറ്റ്നസ് ഉപകരണങ്ങൾ സ്ഥാപിക്കുക, വൈദ്യുതീകരണം, സിവിൽ വർക്ക്, ഫർണിച്ചർ, പബ്ലിക് അഡ്രസ് സിസ്റ്റം തുടങ്ങിയവ സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് സ്ഥാപിക്കുക.
കായിക വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ സ്ഥാപിക്കുന്ന ആദ്യത്തെ ഫിറ്റ്നസ് സെന്ററാണിത്. തൃക്കരിപ്പൂർ മണ്ഡലത്തിൽ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയവും കാലിക്കടവ് സ്റ്റേഡിയവും നേരത്തെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. നടക്കാവിൽ നിർമിക്കുന്ന ജില്ല സ്റ്റേഡിയത്തിന്റെ ഫിനിഷിങ് വർക്കുകൾ പുരോഗമിക്കുകയാണ്. കായികതാരങ്ങളുടെയും ജനങ്ങളുടെയും കായികക്ഷമത വർധിപ്പിക്കുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് കൂടിയാണ് ജിംനേഷ്യം സ്ഥാപിക്കുന്നത്. കായികതാരങ്ങൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ജിംനേഷ്യത്തിൽ പ്രവേശനം നൽകും. 76ഓളം ആധുനിക ഫിറ്റ്നസ് ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.