നീലേശ്വരം: അപകടഭീഷണിയുയർത്തി റോഡരികിലെ പൂമരങ്ങൾ. കിനാനൂർ കരിന്തളം പഞ്ചായത്തിലെ നരിമാളം മുതൽ ചോയ്യങ്കോട്- കിനാവൂർ റോഡ് വരെയാണ് അപകടഭീഷണിയായി പൂമരങ്ങൾ നിൽക്കുന്നത്. മരം മുറിച്ചുമാറ്റാതെ അധികാരികൾ ദുരന്തം കാത്തുനിൽക്കുകയാണെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. മരങ്ങൾ ഏതുസമയത്തും പൊട്ടിവീഴാവുന്ന സ്ഥിതിയിലാണ്.
പ്രദേശത്ത് പലതവണ മരത്തിന്റെ ശിഖരങ്ങൾ പൊട്ടിവീണ് അപകടങ്ങൾ നടന്നിട്ടും ബന്ധപ്പെട്ടവർ കണ്ണടക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളിലായി നിൽക്കുന്ന പൂമരങ്ങളെല്ലാം അപകടാവസ്ഥയിലാണ്. ചോയ്യങ്കോട് ടൗണിൽ ബസ് സ്റ്റോപ്പിന് പിന്നിലെ പൂമരമാണെങ്കിൽ ഏതുനിമിഷവും പൊട്ടിവീഴുന്ന അവസ്ഥയിലാണ്. മരത്തിൽനിന്ന് വീഴുന്ന പുഴുക്കൾ ബസ് സ്റ്റോപ്പിലേക്കെത്തുന്നതിനാൽ വിദ്യാർഥികളടക്കം ബസ് കയറുന്നതിനായി കനത്തമഴയിലും റോഡരികിലാണ് കാത്തുനിൽക്കുന്നത്.
ബസുകൾ ഉൾപ്പെടെ മലയോര റോഡിൽ നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. അതിനാൽതന്നെ മരം പൊട്ടിവീണാൽ വൻ ദുരന്തംതന്നെ സംഭവിക്കും. മുമ്പ് വില്ലേജ് അധികൃതർ മരത്തിന്റെ ശിഖരങ്ങൾ യഥാസമയം വെട്ടിമാറ്റുകയും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
എന്നാൽ, റോഡ് പൊതുമരാമത്തിന്റെ പരിധിയിൽവന്നതോടെ സ്ഥിതി മാറി. ഇപ്പോൾ അപകടാവസ്ഥയിലുള്ള മരങ്ങളും റോഡിലേക്ക് വീണ മരങ്ങളുമൊക്കെ നാട്ടുകാരുടെ ചെലവിൽ മുറിച്ചുമാറ്റേണ്ട അവസ്ഥയാണ്. അടുത്തിടെ നരിമാളം ജ്യോതിഭവൻ സ്പെഷൽ സ്കൂളിന് സമീപത്തെ കൂറ്റൻ മരം ഒടിഞ്ഞുവീണ് തലനാരിഴക്കാണ് അപകടമൊഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.