കാസർകോട്: ജില്ലയിലെ പല വിദ്യാലയങ്ങളിലും സ്ഥലസൗകര്യമില്ലാതെ പഠനം പ്രതിസന്ധിയിൽ. ഹയർസെക്കൻഡറി വിദ്യാലയങ്ങളിലാണ് പ്രശ്നം കൂടുതൽ സങ്കീർണമായിരിക്കുന്നത്. വിദ്യാലയങ്ങൾ ഹൈട്ടെക്കാക്കുകയും സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസമേഖലയിൽ നല്ല രീതിയിലുള്ള ഇടപെടൽ നടത്തുകയും ചെയ്യുന്ന ഇക്കാലത്ത് ജില്ലയിലെ വിദ്യാലയങ്ങളുടെ സ്ഥിതി ദയനീയമായി തുടരുകയാണ്.
മുറവിളികൾക്കൊടുവിൽ പ്ലസ് വൺ സീറ്റ് കിട്ടിയെങ്കിലും തീരെ സൗകര്യമില്ലാത്ത ഇടങ്ങളിലാണ് ഇപ്പോൾ സീറ്റ് അനുവദിച്ചിരിക്കുന്നത്. ഇത് അധ്യാപകർക്കിടയിൽ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ പലരും എങ്ങനെ കുട്ടികൾക്ക് ക്ലാസ് സൗകര്യം ഒരുക്കുമെന്ന വിഷമത്തിലാണ്. 20 സെന്റിലും മറ്റും മാത്രം സൗകര്യമുള്ള സ്കൂളിലാണ് പഠനം നടക്കുന്നത്.
അധിക ബാച്ചുകൂടി അനുവദിച്ചപ്പോൾ ക്ലാസുകൾ പലതും ഷീറ്റുകെട്ടിയും മറ്റും നടത്തേണ്ട ദുർഗതിയാണ്. പരീക്ഷ കാലങ്ങളിലാണ് അധ്യാപകരും വിദ്യാർഥികളും ഏറെ ബുദ്ധിമുട്ടുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിൽ കുറച്ചകൂടി സൗകര്യമൊരുക്കിയെങ്കിൽ ഇത്രയധികം ത്യാഗം സഹിക്കേണ്ടിവരില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.
മധൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണ് പട്ള ഗവ. സ്കൂൾ. ഭാഷാന്യൂനപക്ഷ വിദ്യാർഥികൾ ഏറെയുള്ള ഇവിടെ അറബി, മലയാളം എന്നിവ മാത്രമേ ഉപഭാഷ പഠനസൗകര്യമുള്ളൂ. അറബിയിൽ 85ൽപരം കുട്ടികളെ ഒരു ക്ലാസിലിരുത്തിയാണ് പഠിപ്പിക്കുന്നത്. ഹിന്ദിയും കൂടി അനുവദിക്കുകയാണെങ്കിൽ എല്ലാവിഭാഗങ്ങൾക്കും സ്കൂളിൽ പഠിക്കാനും പറ്റും. ഈ രണ്ട് ഭാഷകൾ അറിയാത്തവർ നിർബന്ധിതമായി ട്രാൻസ്ഫർ വാങ്ങി പ്രൈവറ്റിൽ പഠിക്കേണ്ട അവസ്ഥയാണുള്ളത്.
ജില്ലയിലെ ചെർക്കള ജി.എച്ച്.എസ്.എസിലും സമാന അവസ്ഥയാണുള്ളത്. ഇവിടെ ഓഫിസ് റൂമാണ് ക്ലാസിനായി ലഭ്യമാക്കുന്നത്. അടിസ്ഥാനസൗകര്യവും സ്ഥലപരിമിതിയുമുള്ള സ്കൂളിൽ പ്ലസ് വൺ അധിക ബാച്ച് അനുവദിച്ചത് വിദ്യാലയ അധികൃതരോട് ചോദിക്കാതെയാണെന്ന ആരോപണം മലപ്പുറത്തും കാസർകോട്ടുമുള്ള അധ്യാപകർ ആരോപിക്കുന്നുമുണ്ട്.
പ്ലസ് വൺ സീറ്റ് ലഭിച്ചെങ്കിലും മതിയായ സൗകര്യമില്ലായ്മയുടെ കൂടെ അധ്യാപകരുടെ കുറവുമുണ്ട്. ഉത്തരവ് ലഭിച്ചപ്പോൾ താൽക്കാലിക അധ്യാപകരെ നിയമിക്കാനുള്ള ഒരു വാചകവും അതിലില്ല. അധ്യാപകരുടെ നിയമനം സംബന്ധിച്ച പ്രതിസന്ധിയും അലട്ടുന്നുണ്ട് ഹയർസെക്കൻഡറി സ്കൂളുകളിൽ.
പട്ള സ്കൂളിലെത്താൻ വിദ്യാർഥികളും അധ്യാപകരും ഒന്നര കിലോമീറ്ററോളം നടക്കണം. പഞ്ചായത്ത് മുൻകൈയെടുത്തെങ്കിൽ പ്രൈവറ്റ് ബസ് സൗകര്യം സ്കൂൾ വരെയെങ്കിലും നീട്ടാൻ സാധിക്കുമായിരുന്നു. അതുകൊണ്ടുതന്നെ പല രക്ഷിതാക്കളും കുട്ടികളെ ഇവിടെ ചേർക്കാൻ മടിക്കുകയാണ്. വിദ്യർഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ ജില്ല പഞ്ചായത്ത് ഇടപെടണമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടേയും അപേക്ഷ.
കഴിഞ്ഞ തിങ്കളാഴ്ച പുതിയ ബാച്ച് അനുവദിച്ച സ്കൂളുകളിൽ പരിശോധന നടത്തുകയും ചൊവ്വാഴ്ചതന്നെ ഫർണിച്ചറിനുള്ള വർക്ക് ഓർഡർ കൊടുക്കുകയും ചെയ്തിട്ടുണ്ട്. 30 ബെഞ്ചും ഡെസ്കും വീതമാണ് ജില്ല പഞ്ചായത്തിന് കീഴിലുള്ള അധിക ബാച്ച് അനുവദിച്ച ഓരോ സ്കൂളിനുമായി തയാറാക്കുന്നത്. കഴിഞ്ഞദിവസം ഇതിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ട്. അത് എത്രയുംപെട്ടെന്ന് സ്കൂളുകൾക്ക് ലഭ്യമാക്കാനുള്ള നടപടിയുമുണ്ടാകും. കൂടാതെ, അടിയന്തരമായി ക്ലാസ് എടുക്കാൻ വേണ്ടുന്ന സൗകര്യം ഉടൻ ചെയ്യും. അതിന് അരഭിത്തി നിർമിക്കുകയും ഷീറ്റിടാനുള്ള സൗകര്യവും ചെയ്യും. അതുപോലെ ഫണ്ട് ലഭിക്കുന്നമുറക്ക് സ്ഥലപരിമിതിയുള്ള സ്കൂളുകളിൽ പരിശോധന നടത്തുകയും സ്കൂളുകളുടെ ആവശ്യംകൂടി പരിഗണിച്ച് അതിനുള്ള സൗകര്യമൊരുക്കുകയും ചെയ്യും.
അഡ്വ. എസ്.എൻ. സരിത
(ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയർപേഴ്സൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.