കാസർകോട്: കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് ക്രമക്കേട് പുറത്തുവന്നതോടെ ക്രമക്കേട് നടന്ന ചെറുതും വലുതുമായ സഹകരണ സ്ഥാപനങ്ങളുടെ പേരുകളും പുറത്തുവന്നു. ജില്ലയിൽ 18 സഹകരണ സ്ഥാപനങ്ങളാണ് ഈ പട്ടികയിലുള്ളത്. ആബിദ് ഹുസൈൻ തങ്ങൾ, എൻ.എ.നെല്ലിക്കുന്ന് എന്നിവർക്ക് 2022 ജൂലൈ 18മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ നൽകിയ മറുപടിയിലാണ് സഹകരണ സ്ഥാപനങ്ങളുടെ പേരുവിവരം ഉള്ളത്.
ക്രമപ്രകാരമല്ലാതെ വായ്പ നൽകൽ, വ്യാജ സ്ഥിരനിക്ഷേപ രസീത് ഉപയോഗിച്ച് വായ്പ ചമയ്ക്കുക, ക്ലാസിഫിക്കേഷന് അനുസൃതമല്ലാതെയുള്ള നിയമനം, സ്ഥിരനിക്ഷേപങ്ങളിലെ പലിശ നൽകിയതിലുള്ള വ്യത്യാസം, ഈടില്ലാതെ തുക നൽകൽ, സ്വർണ വായ്പയിന്മേലുള്ള ക്രമക്കേടുകൾ, നീതി മെഡിക്കൽ സ്റ്റോറിലെ സ്റ്റോക്ക് വ്യത്യാസം, സ്ഥാവര ജംഗമ വസ്തുക്കൾ ക്രമവിരുദ്ധമായി ലേലം ചെയ്തത് സംഘത്തിന് നഷ്ടംവരുത്തുക തുടങ്ങിയ പതിവ് ക്രമക്കേടുൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളുടെ പട്ടികയാണത്.
കൂടാതെ ബാങ്കിന്റെ പ്രവർത്തന പരിധിക്കുപുറത്തുള്ള വസ്തുവിന്റെ ഈടിന്മേൽ വായ്പ നൽകുക, അനുമതി ഇല്ലാതെ പൊതു ഫണ്ട് വിനിയോഗം, സർക്കാർ ധനസഹായം ദുർവിനിയോഗം, പരിധി അധികരിച്ച് വായ്പ നൽകുക, സർക്കുലറുകൾക്ക് വിരുദ്ധമായി ബന്ധപ്പെട്ട വായ്പയിൽ അനധികൃതമായി ഇളവ് അനുവദിച്ചു നൽകുക എന്നീ ക്രമക്കേടുകളും ഉൾപ്പെടുന്നു.
ഇതിൽ മുഗു സഹകരണ ബാങ്കിലാണ് ആസൂത്രിത തട്ടിപ്പ് നടന്നത്. ചെറിയ വായ്പയെടുത്തവരുടെ രേഖകൾ ഉപയോഗിച്ച് ഡയറക്ടർമാരും ഉദ്യോഗസ്ഥരും വൻ വായ്പകൾ എഴുതിയെടുക്കുകയായിരുന്നു.
ഈ കേസിൽ 56 പേർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ, തുടർ നടപടികളുണ്ടായിട്ടില്ല. വിജിലൻസ് അന്വേഷണമാണ് നടന്നത്. കുറ്റപത്രം സമർപ്പിക്കാവുന്ന ഘട്ടത്തിലാണ് വിജിലൻസ് അന്വേഷണം എത്തിയിരിക്കുന്നത്.
1. മുട്ടത്തോടി സർവിസ് സഹകരണ ബാങ്ക്
2. ചെങ്കള സർവിസ് സഹകരണ ബാങ്ക്
3. കാസർകോട് താലൂക്ക് ബസ് ട്രാൻസ്പോർട്ട്
ഓണേഴ്സ് സഹകരണ സംഘം
4. കാസർകോട് എജുക്കേഷണൽ സഹകരണ സംഘം
5. പെർളടുക്കം അഗ്രികൾച്ചറൽ മാർക്കറ്റിങ് സഹകരണ സംഘം
6. കുറ്റിക്കോൽ സർവിസ് സഹകരണ ബാങ്ക്
7. കുറ്റിക്കോൽ അഗ്രികൾച്ചറിസ്റ്റ് വെൽെഫയർ സഹകരണ സംഘം
8. കാടകം വനിത സർവിസ് സഹകരണ സംഘം
9. കാസർകോട് സഹകരണ മാർക്കറ്റിങ് ആൻഡ്
പ്രോസസിങ് സഹകരണ സംഘം
10. മുഗു സങ്വിസ് സഹകരണ ബാങ്ക്
11. മജ്ബയിൽ സർവിസ് സഹകരണ ബാങ്ക് ക്ലിപ്തം
12. മംഗൽപാടി പൈവളിഗെ അർബൻ സഹകരണ സംഘം
13. വെള്ളരിക്കുണ്ട് താലൂക്ക് മർക്കന്റൈയിൻ സഹകരണ സംഘം
14. നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സഹകരണ സംഘം
15. എൻ.കെ. ബാലകൃഷ്ണൻ മെമ്മോറിയൽ ജനത പ്രിന്റിംഗ്
ആൻഡ് പബ്ലിഷിങ് സഹകരണ സംഘം
16. പിലിക്കോട് സർവിസ് സഹകരണ ബാങ്ക്
17. ഉദുമ പനയാൽ അർബൻ സഹകരണ സംഘം
18. മടക്കര വനിത സർവിസ് സഹകരണ സംഘം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.