കണ്ണൂർ: പ്ലസ് വൺ പ്രവേശനത്തിൽ 6714 വിദ്യാർഥികൾ ജില്ലയിൽ പടിക്ക് പുറത്താകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ലയാണ് കണ്ണൂർ. ഇക്കുറി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്.
ഇതോടെ മതിയായ സീറ്റുകളില്ലാത്തതിനാൽ മിക്ക വിദ്യാർഥികൾക്കും ഇഷ്ടവിഷയം തിരഞ്ഞെടുക്കാൻ പറ്റാത്ത സ്ഥിതിയാകും. കൂടാതെ വീടിനടുത്തുള്ളതും ഇഷ്ടപ്പെട്ട സ്കൂളുകളിലും പ്രവേശനം നേടുകയെന്നതും മിക്കവർക്കും വിദൂരമായ സാധ്യതയാണ്.
34,481 വിദ്യാർഥികളാണ് ജില്ലയിൽ പത്താംതരം കഴിഞ്ഞ് ഉപരിപഠനത്തിന് അർഹത നേടിയത്. ആകെ 27,767 പ്ലസ് വൺ സീറ്റുകളാണ് ജില്ലയിലുള്ളത്. കണക്കുപ്രകാരം 6714 സീറ്റുകളുടെ കുറവാണ് ജില്ലയിലുള്ളത്. ആകെ 20,994 മെറിറ്റ് സീറ്റുകളാണുള്ളത്.
പ്ലസ്വൺ പ്രവേശനത്തിന് പ്രവേശനം ലഭിക്കാത്ത മിടുക്കരായ വിദ്യാർഥികൾക്ക് സർക്കാർ പോളിടെക്നിക്, ഐ.ടി.ഐ ഇനത്തിൽ ആകെ 3061 സീറ്റുകൾ മാത്രമാണുള്ളത്. ഇതോടെ ചിലർക്ക് മാനേജ്മെൻറ്, സ്വാശ്രയ സീറ്റുകളിൽ അഭയംതേടേണ്ട സ്ഥിതിയാകും. ഈ ഇനത്തിൽ 6773 സീറ്റുകളാണുള്ളത്. എല്ലാ വർഷവും പ്ലസ് വൺ ക്ലാസുകളിൽ സർക്കാർ 20 ശതമാനത്തോളം സീറ്റുകൾ വർധിപ്പിക്കാറുണ്ട്. വിജയശതമാനം കൂടുതലായതിനാൽ ഇക്കുറിയും സർക്കാറിന് മുന്നിൽ സീറ്റ് വർധന അനിവാര്യമായി വരും.
എന്നാൽ, മിക്ക സ്കൂളുകളിലും പരിമിതമായ സൗകര്യങ്ങളിലാണ് നിലവിൽതന്നെ പഠനം നടക്കുന്നത്. സീറ്റുകൾ വർധിപ്പിക്കുേമ്പാൾ സ്കൂളുകളിലെ സൗകര്യങ്ങളും വർധിപ്പിക്കേണ്ടിവരും. ആകെ 161 ഹയർ സെക്കൻഡറി സ്കൂളുകളാണ് ജില്ലയിലുള്ളത്.
ഇതിൽ 81 സർക്കാർ സ്കൂളുകളും 61എണ്ണം എയ്ഡഡുമാണ്. അൺ എയ്ഡഡ് വിഭാഗത്തിൽ 17 സ്കൂളുകളാണുള്ളത്. സ്പെഷൽ, റസിഡൻസ് സ്കൂളുകൾ ഒാരോന്ന് വീതവും.
വി. മണികണ്ഠൻ (ജില്ല സെക്രട്ടറി, കെ.പി.എസ്.ടി.എ)
കൂടുതൽ വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടിയതിനാൽ പ്ലസ് വണിന് 10 ശതമാനമെങ്കിലും സീറ്റ് വർധന വരുത്താൻ സർക്കാർ തയാറാകേണ്ടത് നിർബന്ധമാണ്. അല്ലാത്തപക്ഷം കൂടുതൽ വിദ്യാർഥികൾ സർക്കാർ പഠന സംവിധാനത്തിൽനിന്ന് പുറത്താകും. സീറ്റ് വർധന വരുത്തുേമ്പാൾ സ്കൂളുകളിലും കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണം.
വി. പ്രസാദ് (ജില്ല സെക്രട്ടറി, കെ.എസ്.ടി.എ)
മുഴുവൻ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം സാധ്യമാകുന്നതരത്തിൽ സൗകര്യം ഒരുക്കണമെന്ന് സർക്കാറിനോട് കെ.എസ്.ടി.എ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സൗകര്യങ്ങളുള്ള സകൂളുകളിൽ കൂടുതൽ ബാച്ച് അനുവദിക്കുന്നകാര്യം വിദ്യാഭ്യാസ വകുപ്പിെൻറ ആലോചനയിലുണ്ട്. ഇതിനായി കഴിഞ്ഞ വർഷംതന്നെ അപേക്ഷ നൽകിയ സ്കൂളുകളിൽ കൂടുതൽ സീറ്റുകളും ബാച്ചുകളും അനുവദിക്കുന്നതോടെ പ്രവേശനത്തിന് പ്രതിസന്ധിയുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.