കാസർകോട്: തീരുമാനമെടുത്ത് പത്തുവർഷത്തോളമെടുത്തിട്ടും പൂർണതയിലെത്തിക്കാൻ കഴിയാത്ത കാസർകോട് മെഡിക്കൽ കോളജിെൻറ ദയനീയ സ്ഥിതിക്കെതിരെ ജില്ലയിൽ പ്രക്ഷോഭത്തിനു കളമൊരുങ്ങുന്നു.
2012ൽ യു.ഡി.എഫ് സർക്കാർ തീരുമാനപ്രകാരം ആരംഭിച്ച മെഡിക്കൽ കോളജ് ഇപ്പോഴും പൂർണതയിലെത്തിയിട്ടില്ല. വീണാ ജോർജ് ആരോഗ്യ മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ജില്ലയിലെത്തിയപ്പോൾ നൽകിയ വാഗ്ദാനമായിരുന്നു ഡിസംബർ ഒന്നിന് ഒ.പി വിഭാഗം പ്രവർത്തനം തുടങ്ങുമെന്ന്.
എന്നാൽ, ഡിസംബർ പകുതിയാകാറായിട്ടും ഇതിനുള്ള നടപടി ഉണ്ടായിട്ടില്ല. കോവിഡിെൻറ പശ്ചാത്തലത്തിൽ കുറച്ച് നിയമനങ്ങൾ നടത്തിയെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയതോടെ, നിയമനങ്ങൾ നേടിയവർ കൂട്ടമായി സമ്മർദം ചെലുത്തി സ്ഥലംമാറ്റം ചോദിച്ചുവാങ്ങിയിരിക്കുകയാണ്. പകരം നിയമനങ്ങൾ ഇല്ലെന്ന് മാത്രമല്ല, ആരോഗ്യ വകുപ്പിന് മെഡിക്കൽ കോളജിൽ താൽപര്യമില്ലെന്ന സന്ദേശവും നൽകിക്കഴിഞ്ഞു. മെഡിക്കൽ കോളജ് പ്രവർത്തിപ്പിക്കുന്നതിെൻറ ഭാഗമായി 2020 ഏപ്രിൽ എട്ടിന് ചേർന്ന മന്ത്രിസഭ യോഗമാണ് 273 തസ്തികകൾ അനുവദിക്കാൻ തീരുമാനിച്ചത്.
തീരുമാനം പൂർണ തോതിൽ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് മാത്രമല്ല ഇപ്പോൾ ഹെഡ് നഴ്സുമാരടക്കം 28 നഴ്സുമാരെ ഇടുക്കി, കൊല്ലം ജില്ലകളിലേക്ക് സ്ഥലംമാറ്റിയിരിക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് കൂട്ട സ്ഥലംമാറ്റം നടന്നിട്ടുള്ളതെന്ന ആക്ഷേപം പ്രതിപക്ഷ പാർട്ടികൾ ഉയർത്തിക്കഴിഞ്ഞു. കാസർകോട് മെഡിക്കൽ കോളജിെൻറ പ്രവർത്തനം സ്തംഭിപ്പിക്കുന്നതിെൻറ ഭാഗമാണ് സ്ഥലംമാറ്റ നടപടിയെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. മുസ്ലിം ലീഗ് എം.എൽ.എ എൻ.എ നെല്ലിക്കുന്നിെൻറ മണ്ഡലത്തിലാണ് മെഡിക്കൽ കോളജ് സ്ഥിതിചെയ്യുന്നത്. ഇതുതന്നെയാണ് സർക്കാറിെൻറ താൽപര്യക്കുറവിനു കാരണമെന്നും ആരോപിക്കുന്നു.
എം.എൽ.എ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ്. അതിനിടയിൽ കാസർകോട് മെഡിക്കൽ കോളജിൽനിന്ന് 30 കിലോമീറ്റർ അകലെ കർണാടകയുടെ മെഡിക്കൽ കോളജ് വരാൻ പോവുകയാണ്.
കർണാടക സർക്കാർ നിയന്ത്രണത്തിലുള്ള സമ്പൂർണ മെഡിക്കൽ കോളജാണ് വരാൻ പോകുന്നത്. ഈ രീതിയിൽ പോവുകയാണെങ്കിൽ സംസ്ഥാന സർക്കാർ നേരിടുന്ന വലിയ നാണക്കേടുകളിൽ ഒന്നായി കാസർകോട് മെഡിക്കൽ കോളജ് മാറുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.