കാസർകോട്: കാടകം ഇനിയുള്ള അഞ്ചു നാൾ കലയുടെ കവാടം തുറന്നിട്ട നാട്ടകമാകും. റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കാറഡുക്ക ജി.വി.എച്ച്.എസ്.എസിൽ ഇന്ന് തുടക്കം. ഒമ്പതുവരെ നീളുന്ന കലോത്സവം ഏഴിന് വൈകീട്ട് നാലിന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിക്കും.
ഇന്നും നാളെയും വേദിയേതര ഇനങ്ങളും ഏഴു മുതൽ ഒമ്പതുവരെ വേദിയിനങ്ങളും അരങ്ങേറും. 305 ഇനങ്ങളിലാണ് കൗമാര പ്രതിഭകൾ മാറ്റുരക്കുന്നത്. ഇതിൽ സംസ്ഥാന മാന്വലിൽ ഉൾപ്പെടാത്ത എട്ട് കന്നട ഇനങ്ങളുമുണ്ട്. യു.പി., എച്ച്.എസ്., എച്ച്.എസ്.എസ് വിഭാഗത്തിലായി 4112 പ്രതിഭകൾ കാറഡുക്കയിൽ മത്സരിക്കാനെത്തും.
വേദിയേതര ഇനങ്ങൾ ആരംഭിക്കുന്ന ചൊവ്വാഴ്ച എട്ട് വേദിയിലും ബുധനാഴ്ച ഏഴ് വേദിയിലും പരിപടികൾ നടക്കും. വേദിയിനങ്ങൾ തുടങ്ങുന്ന വ്യാഴാഴ്ച 12 വേദിയിലും വെള്ളിയും ശനിയും പത്ത് വേദികളിലുമാണ് മത്സരങ്ങൾ നടക്കുന്നത്. 83 വേദിയേതര ഇനങ്ങളും 222 വേദിയിനങ്ങളുമാണുള്ളത്.
വാർത്തസമ്മേളനത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ എൻ. നന്ദികേശൻ, പി.ടി.എ പ്രസിഡന്റ് കെ. സുരേഷ് കുമാർ, മീഡിയ കമ്മിററി ചെയർമാൻ വിനോദ് പായം കൺവീനർ കെ. ഷിഹാബുദ്ദീൻ എന്നിവർ സംബന്ധിച്ചു.
വേദിയിൽ റിപ്പോർട്ട് ചെയ്ത മത്സരാർഥികളുടെ കോഡ് നമ്പർ വേദിയിൽനിന്ന് വിളിച്ചുപറഞ്ഞാൽ അവർ ക്രമമനുസരിച്ച് മത്സരിക്കണം. അല്ലാത്തപക്ഷം അവരുടെ അവസരം നഷ്ടപ്പെടുമെന്ന് ഡി.ഡി.ഇ. എൻ. നന്ദികേശൻ വാർത്തസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇക്കാര്യം രജിസ്ട്രേഷൻ കമ്മിറ്റിയോഗത്തിൽ പ്രത്യേകം പറയുകയും നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
അതീവ സൂക്ഷ്മതയോടെയാണ് വിധികർത്തക്കളുടെ പാനലുകൾ തയാറാക്കിയത്. ഒരു ക്രമക്കേടും അനുവദിക്കില്ല. 92 ഇനങ്ങളിൽ സബ് ജില്ലകളിൽനിന്നും അപ്പീലുകൾ വന്നിട്ടുണ്ട്. ഇതിൽ അംഗീകാരം ലഭിച്ച 301 വിദ്യാർഥികൾ മത്സരിക്കാനെത്തും. അപ്പീലുകളുടെ എണ്ണം കുറക്കാൻ ശ്രമിച്ചിട്ടുണ്ട്.
എല്ലാവർക്കും ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ കാറഡുക്ക പ്രദേശത്തെ ഒമ്പത് പ്രദേശങ്ങളിൽ വിപുലമായ പ്രാദേശിക കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. ഓരോ വീടും കയറിയിറങ്ങി ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്നുണ്ട്.
വിപുലമായ ഒരുക്കങ്ങളാണ് ഭക്ഷണക്കമ്മിറ്റി നടത്തിയത്. കുടുംബശ്രീ, യുവജന ക്ലബുകൾ, സാംസ്കാരിക സംഘടനകൾ ഉൾപ്പെടെ എല്ലാവരും ഇതിനായി രംഗത്തുണ്ട്.
കലോത്സവം ഹരിതചട്ടം കർശനമായി പാലിച്ചായിരിക്കും. കലോത്സവ നഗരിക്ക് പുറത്തും ഇത് പാലിക്കാൻ നിർദേശമുണ്ട്. വ്യാപാര സ്ഥാപനങ്ങളും ജനങ്ങളും ഇതുമായി സഹകരിക്കണം. ഇതിനായി ബോധവത്കരണ പരിപാടികളും കാമ്പയിനും സംഘടിപ്പിച്ചു. ഇതിനായി നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
കലോത്സവ സുവനീർ ഉദ്ഘാടന വേദിയിൽ പ്രകാശനം ചെയ്യും. പ്രശസ്ത എഴുത്തുകാരുടെ രചനകൾ, നാടിന്റെ കഥ, സ്കൂൾ ചരിത്രം, സാംസ്കാരിക മുന്നേറ്റം, സാഹിത്യ സൃഷ്ടികൾ ഉൾപ്പെടെയുള്ള സുവനീർ സ്പീക്കർ പ്രകാശനം ചെയ്യും. ചിത്രകാരൻ സി.കെ. നായർ കാനത്തൂർ ഏറ്റുവാങ്ങും. ഇ-പതിപ്പും പുറത്തിറക്കും.
നാട് മുഴുവൻ ശേഖരിച്ച ഭക്ഷ്യ വിഭവങ്ങൾ ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ പതിനൊന്നര വരെയുള്ള സമയങ്ങളിൽ ഘോഷയാത്രകളായി കലവറയിലെത്തും. കോളിയടുക്കം, നെച്ചിപ്പടുപ്പ്, അടുക്കം, കർമംതോടി, കൊട്ടംകുഴി, പതിമൂന്നാംമൈൽ, എരിഞ്ചേരി, അടുക്കത്തൊട്ടി, മൂടാങ്കുളം എന്നിവിടങ്ങളിൽ നിന്നാണ് പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ കലവറ നിറക്കുക.
സ്കൂൾ പരിസരത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ‘കാറെടുക്കാതെ കാറഡുക്കക്കാർ' എന്ന കാമ്പയിനുണ്ടാവും. സ്വന്തം വാഹനങ്ങളിൽ നാട്ടുകാർ കാറടുക്കയിലേക്ക് വരണ്ട. സംസ്ഥാന ഹൈവേയിൽനിന്ന് ഒരു കിലോമീറ്റർ ഉൾവശത്ത് നടക്കുന്ന സ്ഥലത്ത് പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നാട്ടുകാർ വാഹനം ഒഴിവാക്കിയാൽ ഗതാഗത തടസ്സമൊഴിവാകും. സ്കൂൾ നിൽക്കുന്ന പ്രദേശത്തുനിന്നും ഏതു ഭാഗത്തേക്കും പോകാനുള്ള റോഡുകൾ ഉണ്ട്.
ജില്ല സ്കൂൾ കലോത്സവം റിപ്പോർട്ട് ചെയ്യുന്ന മികച്ച ഓൺ ലൈൻ, അച്ചടി മാധ്യമങ്ങൾക്ക് മത്സരം സംഘടിപ്പിക്കുന്നു. മികച്ച റിപ്പോർട്ടിങ്ങിനാണ് സമ്മാനം നൽകുക. കലോത്സവ ദിനങ്ങളിലെ വാർത്തകളാണ് അവാർഡിന് പരിഗണിക്കുക.
കാസർകോട് ടൗണിൽ നിന്ന് 22 കിലോമീറ്ററാണ് ജി.വി.എച്ച്.എസ്.എസ്. കാറഡുക്കയിലേക്കുള്ള ദൂരം. ചെർക്കളയിൽനിന്ന് ചെർക്കള-ജാൽസൂർ അന്തർ സംസ്ഥാന പാതയിലൂടെ വന്നാൽ പതിമൂന്നാംമൈൽ, കർമംതോടി എന്നിവിടങ്ങൾ പ്രധാന ബസ് സ്റ്റോപ്പ്. വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ശാന്തിനഗറിൽനിന്ന് ഇടതുഭാഗത്ത് കൂടി പൈക്ക-മുള്ളേരിയ റോഡിലൂടെ വന്നാലും സ്കൂളിലെത്താം. പതിമൂന്നാംമൈൽ, കർമംതോടി എന്നിവിടങ്ങളിൽനിന്നും റോഡ് വഴിയും പോകാം. ചെർക്കളയിൽനിന്ന് നെല്ലിക്കട്ട - പൈക്ക- മുള്ളേരിയ റൂട്ടിൽ വന്നാലും കലോത്സവ നഗരിയിലെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.