കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറത്തെ ഷെഫീഖിനെ (35) തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് അറസ്റ്റുചെയ്ത ആറുപേരെ കോടതി റിമാൻഡ് ചെയ്തു.
കാസർകോട് തായലങ്ങാടിയിലെ മുഹമ്മദ് ഷഹീർ (36), മുഹമ്മദ് ആരിഫ് (40), അഹമ്മദ് നിയാസ് (39), ഫിറോസ് (35), അബ്ദുൾ മനാഫ് (38), മുഹമ്മദ് അൽത്താഫ് (34) എന്നിവരെയാണ് ഹോസ്ദുർഗ് കോടതി (ഒന്ന്) റിമാൻഡ് ചെയ്തത്.
ദുബൈയിൽനിന്ന് കൊടുത്തുവിട്ട രണ്ടുലക്ഷം ദിർഹം എത്തേണ്ടിടത്ത് എത്തിച്ചില്ലെന്നും അതിനാലാണ് തട്ടിക്കൊണ്ടുപോയതെന്നും പ്രതികൾ പൊലീസിനോടു പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെയാണ് കാഞ്ഞങ്ങാടുനിന്ന് സാധനങ്ങൾ വാങ്ങി കടപ്പുറത്തെ വീട്ടിലേക്ക് പോവുകയായിരുന്ന ഷെഫീഖിനെ കാറിന്‍റെ ഗ്ലാസ് തകർത്ത് വലിച്ചിറക്കി മറ്റൊരു കാറിൽ തട്ടിക്കൊണ്ടുപോയത്. വിവിധ കേന്ദ്രങ്ങളിൽ പൊലീസുകാർ വാഹന പരിശോധന തുടങ്ങി യതറിഞ്ഞ് സംഘം രണ്ടുതവണ വാഹനം മാറ്റി.
പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ ഷഫീഖിനെ കാസർകോട്ട് ഇറക്കിവിട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ, എസ്.ഐമാരായ കെ.പി. സതീശൻ, ശ്രീജേഷ്, എ.എസ്.ഐ അബൂബക്കർ കല്ലായി എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.