മൊഗ്രാൽ: റെയിൽവേ ജീവനക്കാരുടെ നിർദേശവും മുന്നറിയിപ്പും വിദ്യാർഥികൾ ചെവിക്കൊള്ളുന്നില്ല. മേൽപാലമുണ്ടെങ്കിലും അതിലൂടെ നടക്കാതെ റെയിൽവേ ലൈനിലൂടെ നടന്ന് അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അപകടങ്ങൾ ആവർത്തിക്കുമ്പോഴും കുമ്പള റെയിൽവേ സ്റ്റേഷനിൽ വിദ്യാർഥികൾ രാവിലെ മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിൻ കയറുന്നത് റെയിൽപാളം മുറിച്ചുകടന്നാണ്.
ഇവിടെ മേൽപാല സൗകര്യം ഉണ്ടായിട്ടും വിദ്യാർഥികൾ അത് ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് പരാതി. സ്റ്റേഷൻ മാസ്റ്ററും റെയിൽവേ ജീവനക്കാരും പല പ്രാവശ്യം വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് ചെവിക്കൊള്ളുന്നില്ലെന്നാണ് ആക്ഷേപം. പോരാത്തതിന് ഇപ്പോൾ ട്രെയിൻ സമയം അറിയിക്കാനുള്ള അനൗൺസ്മെന്റ് സംവിധാനവും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെയും പാളം മുറിച്ചു കടക്കാതിരിക്കാൻ നിർദേശം നൽകാറുണ്ട്.
മംഗളൂരു-കാസർകോട് റൂട്ടിൽ ഇപ്പോൾ വന്ദേ ഭാരതടക്കം കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടുണ്ട്. ആഘോഷ സീസണുകളിൽ അനുവദിക്കുന്ന ട്രെയിനുകൾ വേറെയും. അതുകൊണ്ടുതന്നെ വിദ്യാർഥികൾ പാളം മുറിച്ചുകടക്കുന്നത് വളരെ ആശങ്കയോടെയാണ് സ്റ്റേഷൻ ജീവനക്കാരും മറ്റു യാത്രക്കാരും നോക്കിക്കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.