മൊഗ്രാൽ: ഇ -ഗ്രേഡ് കാറ്റഗറിയിൽ ഉൾപ്പെടുന്ന കുമ്പള റെയിൽവേ സ്റ്റേഷനോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ പ്രക്ഷോഭ രംഗത്തിറങ്ങാൻ മൊഗ്രാൽ ദേശീയവേദി തീരുമാനിച്ചു. 40തോളം ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നതാണ് കുമ്പള റെയിൽവേ സ്റ്റേഷൻ. അരലക്ഷം യാത്രക്കാർ പ്രതിമാസം കുമ്പള റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. വരുമാനത്തിന്റെ കാര്യത്തിലാണെങ്കിൽ പ്രതിവർഷം ഒരു കോടിയിലേറെ രൂപയാണ്. എന്നിട്ടും അടിസ്ഥാന സൗകര്യ വികസനത്തിൽ കുമ്പള റെയിൽവേ സ്റ്റേഷനെ അവഗണിക്കുകയാണ്.
ചുരുക്കം ചില ട്രെയിനുകൾ മാത്രമാണ് ഈ സ്റ്റേഷനിൽ നിർത്തുന്നത്. പരശുറാം, മാവേലി, ബംഗളൂരു- യശ്വന്ത്പൂർ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് മേൽക്കൂരയില്ലാത്തത് യാത്രക്കാർക്ക് ദുരിതമാവുന്നുണ്ട്. സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവും അധികൃതർ ഇതുവരെ പരിഗണിച്ചിട്ടില്ല. ഒട്ടനവധി തവണ സന്നദ്ധ സംഘടനകളും പാസഞ്ചേഴ്സ് അസോസിയേഷനും വ്യാപാരി, വിദ്യാർഥി, സംഘടനകളും കുമ്പള ഗ്രാമപഞ്ചായത്തും റെയിൽവേ അധികൃതർക്കും ജനപ്രതിനിധികൾക്കും വകുപ്പ് തല മന്ത്രിമാർക്കും നിവേദനങ്ങൾ നൽകിയിട്ടും അവ പരിഗണിക്കാൻ റെയിൽവേ മന്ത്രാലയം തയാറായിട്ടില്ല.
ഈ സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചതെന്ന് പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി റിയാസ് കരീം, ട്രഷറർ എച്ച്.എം. കരീം എന്നിവർ അറിയിച്ചു. പ്രക്ഷോഭ പരിപാടിയുടെ തുടക്കം എന്ന നിലയിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.