കാസർകോട്: അന്തരീക്ഷത്തിലെ ചൂട് മാത്രമല്ല, ജനങ്ങൾക്ക്. മുന്നണികളുടെ പ്രചാരണച്ചൂടിലും ചുട്ടുപൊള്ളുകയാണ് ജനങ്ങൾ. തെരഞ്ഞെടുപ്പടുക്കുമ്പോൾ ഇനിയും ചൂട് കൂടുമെന്നാണ് മുന്നണികൾ പറയുന്നത്. തുളുനാടിന്റെ മണ്ണിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന് ആവേശകരമായ വരവേൽപ് നൽകിയാണ് ജനങ്ങൾ സ്വീകരിച്ചത്.
കർഷക സമരങ്ങൾ നടന്ന വഴികളിലൂടെയാണ് എം.വി. ബാലകൃഷ്ണൻ വോട്ടഭ്യർഥിക്കാനെത്തിയത്. പടക്കം പൊട്ടിച്ചും വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്ത്രീകളുൾപെടെയാണ് വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ വരവേറ്റത്. ബി.ജെ.പി വീണ്ടും അധികാരത്തിൽവന്നാൽ ഇനിയൊരു തെരഞ്ഞെടുപ്പുതന്നെ ഉണ്ടാവില്ലെന്ന് സ്ഥാനാർഥി ഓർമിപ്പിച്ചു. വിജയിച്ചാൽ ഈ നാടിന്റെ ശബ്ദം പാർലമെന്റിൽ ഉയർത്താൻ ഒപ്പമുണ്ടാവുമെന്ന ഉറപ്പും നൽകിയാണ് സ്ഥാനാർഥി മടങ്ങിയത്.
കാട്ടുകുക്കെയിൽനിന്നാണ് ബാലകൃഷ്ണൻ പര്യടനം ആരംഭിച്ചത്. പെർള, ബെർദ്രംപള്ള, ബാഡൂർ, കട്ടത്തട്ക്ക, സീതാംഗോളി, മൊഗ്രാൽ, കൃഷ്ണനഗർ, കുമ്പള ടൗൺ, കളത്തൂർ, സുബയ്യകട്ടെ, ചിന്നമൊഗർ, ബന്തിയോട്, കൈക്കമ്പ, സുഭാഷ് നഗർ, ചിപ്പാർപദവ്, പൈവളിഗെ, മീയാപദവ്, ചിഗുരുപദവ്, സൂരിബയൽ, മഞ്ചേശ്വരം, തുമിനാട്, മജീർപള്ള എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം സുള്ള്യമേയിൽ സമാപിച്ചു.
എൻ.ഡി.എ സ്ഥാനാർഥി എം.എൽ. അശ്വിനി മഞ്ചേശ്വരം മണ്ഡലത്തിലാണ് തിങ്കളാഴ്ച പര്യടനം നടത്തിയത്. രാവിലെ എട്ടിന് ഹൊസങ്കടി ശ്രീ കാളികാംബ ക്ഷേത്ര ദർശനത്തിനുശേഷം വീടുകളിൽ ലഘുലേഖയുമായെത്തിയാണ് അശ്വിനിയുടെ പ്രചാരണത്തിന് തുടക്കംകുറിച്ചത്.
തുടർന്ന് മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് കാര്യാലയങ്ങൾ, ഹൊസങ്കടി ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലും പ്രചാരണം നടത്തി. ദേശയപാത സമരസമിതിയുടെ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.