നീലേശ്വരം: വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ ഓട്ടോ ഡ്രൈവർ ഗോപകുമാറിന്റെ വീട്ടുപരിസരത്ത് വലിയ ശബ്ദവും പ്രകമ്പനം നടന്നത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. ഗോപകുമാറിന്റെ ഭാര്യയും കുട്ടികളും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. വലിയ പൊട്ടുന്ന ശബ്ദത്തോടെ വീടിനാകെ പ്രകമ്പനം അനുഭവപ്പെട്ടതോടെ കുട്ടികളടക്കം എല്ലാവരും ഭയന്നു. ഉടൻ വീടും പരിസരവും പരിശോധിച്ചെങ്കിലും കാര്യമായ ലക്ഷണങ്ങൾ ഒന്നുംതന്നെ കണ്ടില്ല.
ഉടൻ വെള്ളരിക്കുണ്ട് പൊലീസിലും തഹസിൽദാറെയും വിവരമറിയിച്ചു. വാർഡ് മെംബർ എം.ബി. രാഘവനും സ്ഥലം സന്ദർശിച്ചു. രാവിലെ ഇതേ സമയത്ത് സമാനരീതിയിൽ വലിയ ശബ്ദം കേട്ടതായും പ്രകമ്പനമുണ്ടായതായും സമീപത്ത് താമസിക്കുന്ന വെള്ളരിക്കുണ്ടിലെ വ്യാപാരി തമ്പാന്റെ വീട്ടുകാരും പറഞ്ഞു. തൊട്ടടുത്തുള്ള മറ്റൊരു വീടിന്റെ ജനലുകൾ ഇളകിയ ശബ്ദം കേട്ടതായും വീട്ടുകാർ പറഞ്ഞു.
പ്രകമ്പനത്തിന്റെ ഭാഗമായി വീടിനോ മുന്നിലെ കിണറിനോ കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ജിയോളജിക്കൽ വിദഗ്ധരുടെ പരിശോധനക്ക് ശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. സമാന രീതിയിലുള്ള സംഭവം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ വിവരം അറിയിക്കണമെന്നും തുടർനടപടികൾ സ്വീകരിക്കാമെന്നും വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.