കാസർകോട്: ജില്ലയില്‍ രണ്ട് വയസ്സുവരെയുള്ള 2598 കുട്ടികള്‍ക്കും രണ്ട് മുതല്‍ അഞ്ച് വയസ്സ് വരെയുളള 2126 കുട്ടികള്‍ക്കും (ആകെ 4724) മിഷന് ഇന്ദ്രധനുഷ് വാക്സിനേഷന് യജ്ഞത്തിലൂടെ വാക്സിന് നല്‍കും. ഇതിനൊപ്പം 1105 ഗര്‍ഭിണികള്‍ക്കും വാക്സിന് നല്‍കും. ആഗസ്റ്റ് ഏഴ് മുതല്‍ ഒക്ടോബര്‍ 14 വരെ മൂന്ന് ഘട്ടമായി നീണ്ടുനില്‍ക്കുന്ന തീവ്ര വാക്സിനേഷന് യജ്ഞമാണ് നടപ്പാക്കുന്നതെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഒന്നാം ഘട്ടം ആഗസ്റ്റ് ഏഴ് മുതല്‍ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരെയും നടക്കും. യജ്ഞത്തില്‍ അന്തർസംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ഭാര്യമാരും ഉള്‍പ്പെടുന്നുണ്ട്. മിഷന് ഇന്ദ്രധനുഷ് നടപ്പാക്കുന്നതിന്റെ മുന്നോടിയായി ആശ പ്രവര്‍ത്തകര്‍, അംഗൻവാടി പ്രവര്‍ത്തകര്‍ എന്നിവർ വീടുകള്‍ സന്ദര്‍ശിച്ച് വാക്സിന് എടുക്കാത്തതോ ഏതെങ്കിലും ഡോസ് എടുക്കാന്‍ വിട്ടുപോയിട്ടുളളതോ ആയ അഞ്ച് വയസ്സുവരെയുള്ള കുട്ടികളെയും ഗര്‍ഭിണികളെയും കണ്ടെത്തിയിരുന്നു.
അവരെ യു -വിന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വാക്സിന് നല്‍കുകയും ചെയ്യും. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴികെ ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷന് നല്കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളിലാണ് യജ്ഞം.
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് സമയക്രമം. പ്രായാനുസൃതമായ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയിട്ടുളള പൂജ്യം മുതല്‍ 23 മാസം പ്രായമുളള കുട്ടികളെയും എം.ആര് 1, എം.ആര്.2, ഡി.പി.ടി ബൂസ്റ്റര്‍, ഒ.പി.വി ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയിട്ടുളള രണ്ട് മുതല്‍ അഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കും പൂർണമായോ ഭാഗികമായോ വാക്സിന് എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കുമാണ് ഈ പരിപാടിയിലൂടെ വാക്സിന് നല്‍കുന്നത്.
വാക്സിന് വഴി പ്രതിരോധിക്കാവുന്ന രോഗങ്ങളായ ഡിഫ്തീരിയ, (തൊണ്ടമുള്ള്) പെര്‍ട്ടൂസിസ് (വില്ലന്‍ചുമ) ടെറ്റനസ്, മീസില്‍സ് (അഞ്ചാംപനി) റുബെല്ല മുതലായവ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, നഗരത്തിലെ ചേരിപ്രദേശങ്ങള്‍, വാക്സിനോട് വിമുഖത കാണിക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യുന്നവര്‍ താമസിക്കുന്ന പ്രദേശങ്ങള്‍, വാക്സിന് എടുക്കാത്ത കുട്ടികള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലിൽ പ്രത്യേക ശ്രദ്ധ നൽകും.
സര്‍ക്കാര്‍ ആശുപതികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരാന്‍ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വാക്സിനേഷന് നല്‍കും. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ അഞ്ച് മൊബൈല്‍ ടീമിന്റെ സഹായത്തോടെ വാക്സിനേഷന് നല്‍കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലാകെ 373 സെഷനുകള്‍ പ്ലാന്‍ ചെയ്തിട്ടുള്ളതില്‍ ഒമ്പത് എണ്ണം മൊബൈല്‍ സെഷനുകളാണ്. പരിശീലനം ലഭിച്ച 191 ജെ.പി.എച്ച്.എന്‍ മാരാണ് വാക്സിന് നല്‍കുന്നത്.
പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ആഗസ്റ്റ് ഏഴിന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. എസ്.എന്‍. സരിത നിര്‍വഹിക്കും.
വാക്സിനേഷനെതിരെ വ്യാജ വാര്‍ത്ത സൃഷ്ടിച്ച് പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യം ഡോ. എ.വി. രാമദാസ്, ജില്ല ആര്.സി.എച്ച് ഓഫിസര്‍ ഡോ. ടി.പി. ആമിന, ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ അബ്ദുല്ലത്തീഫ് മഠത്തില്‍, ഡി.പി.എച്ച്.എന്‍ എം. ഗീത എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.