കാസർകോട്: മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ (എഫ്.എച്ച്.സി) ദിനംപ്രതിയെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന. 150രോഗികൾ വരെ ദിവസവും എത്തുമ്പോൾ പരിശോധനക്ക് ഉള്ളത് ഒരൊറ്റ ഡോക്ടറും. ഗ്രാമപഞ്ചായത്തിലെ ആയിരക്കണക്കിന് പേരുടെ ഏക ആശ്രയമായ ഇവിടെ നേരത്തേ മൂന്ന് ഡോക്ടർമാർ വരെ ഉണ്ടായിരുന്നിടത്താണ് ഈ സ്ഥിതി. പനി ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ പടരുന്ന വേളയിൽ ഇരുനൂറോളം രോഗികൾ മിക്കദിവസവും ഇവിടെയെത്തുന്നു.
മെഡിക്കൽ ഓഫിസർ, ഒരു ഡോക്ടർ എന്നിവരാണ് ഇവിടെയുള്ളത്. ഭരണപരമായ കാര്യങ്ങളും വിവിധ യോഗങ്ങളിലും പങ്കെടുക്കേണ്ടതിനാൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ച ഡോക്ടർക്കാണ് പരിശോധന ചുമതല. ഈ ഡോക്ടറുടെ അവധി ദിവസങ്ങളിലാണ് മെഡിക്കൽ ഓഫിസർ ഒ.പി കൈകാര്യം ചെയ്യുന്നത്.കുടുംബാരോഗ്യ കേന്ദ്രമായി മാറ്റിയെങ്കിലും ആവശ്യമുള്ള ഡോക്ടർമാരെ നിയമിക്കാൻ നടപടിയൊന്നുമില്ല. കോവിഡ് വേളയിൽ ടാറ്റ കോവിഡ് ആശുപത്രിയിലെ ഒരു ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാക്കിയിരുന്നു. കോവിഡ് കുറഞ്ഞതോടെ ഈ ഡോക്ടറെ പിൻവലിച്ചു. രാവിലെ പത്തുമുതൽ രണ്ടുവരെ നീളുന്ന ഒ.പിയിൽ എപ്പോഴും വൻ നിരയാണ് കാണുക. ഒരു ഡോക്ടറെ കൂടി ആവശ്യപ്പെട്ട് ജില്ല മെഡിക്കൽ ഓഫിസറെ സമീപിച്ചെങ്കിലും സ്വന്തം നിലക്ക് നിയമിക്കാനാണ് ഗ്രാമപഞ്ചായത്തിന് ലഭിച്ച നിർദേശം. ഡോക്ടറെ നിയമിച്ച് ശമ്പളം നൽകാനുള്ള സാമ്പത്തികശേഷിയില്ലാത്തതാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ കുഴക്കുന്നത്.
കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ ഒഴിവ് മാസങ്ങളായി നികത്താതെ കിടക്കുകയാണ്.
എറണാകുളം സ്വദേശിയായ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലംമാറി പോയിട്ട് മാസങ്ങളായി. പകരം ആളെത്തിയിട്ടുമില്ല.
ഡോക്ടറെ ലഭ്യമാക്കാൻ ഗ്രാമപഞ്ചായത്ത് പല വാതിലുകളും മുട്ടിയതായി പ്രസിഡന്റ് അഡ്വ. ഷമീറ ഫൈസൽ പറഞ്ഞു. സ്വന്തം നിലക്ക് നിയമിക്കാനാണ് എല്ലാ അതോറിറ്റിയും നിർദേശിക്കുന്നതെന്നും നിലവിലെ സാമ്പത്തിക നിലയിൽ ഡോക്ടറെ നിയമിക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് കഴിയില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.