നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ അനുവദിച്ചതായി റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് അറിയിച്ചു. നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് രണ്ടാംഘട്ട അമൃതഭാരതി പദ്ധതിയിൽ ഉൾപ്പെടുത്തിയതായി പി.കെ. കൃഷ്ണദാസ് അറിയിച്ചു.
നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന വികസന കാര്യങ്ങൾ നേരിട്ട് പരിശോധിച്ച ശേഷമാണ് കൃഷ്ണദാസ് അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ കാര്യം പ്രഖ്യാപിച്ചത്. 2025ൽ പദ്ധതി പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
നീലേശ്വരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ പൂർണമായും മേൽക്കൂര നിർമിക്കും, പ്ലാറ്റ് ഫോമിന്റെ നീളം വർധിപ്പിക്കും, മുഴുവൻ സ്ഥലത്ത് ഇരിപ്പിടങ്ങൾ, എല്ലാ സ്ഥലത്തും വെള്ളം വെളിച്ചം, ഭിന്നശേഷിക്കാർക്ക് ഇരിക്കുവാൻ പ്രത്യേക ഇരിപ്പിടങ്ങൾ കൂടുതൽ ശൗചാലയങ്ങൾ, കിഴക്കൻ ഭാഗത്ത് പുതിയ ടിക്കറ്റ് കൗണ്ടർ, പുതിയതായി പടിഞ്ഞാറ് ഭാഗത്തും കിഴക്കൻ ഭാഗത്തും മനോഹരമായ പാർക്കിങ് ഏരിയ, റെയിൽവേ സ്റ്റേഷനിൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന ഫുഡ് കോർട്ട്, രണ്ടു പ്ലാറ്റ് ഫോമിലും മുഴുവൻ കുടിവെള്ള സൗകര്യം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. എഫ്.സി.ഐയിൽ നിന്നും ഇറക്കുന്ന അരികൾ കിഴക്ക് ഭാഗത്ത് റോഡിൽ കുഴിയിൽ വീണ് മഴക്കാലത്ത് ചീഞ്ഞുനാറുന്ന അവസ്ഥക്ക് പരിഹാരമായി ആ ഭാഗം മുഴുവൻ കോൺക്രീറ്റ് ചെയ്ത് ശുചിത്വമുള്ള സ്ഥലമാക്കി മാറ്റുന്നതിന് വേണ്ടിയുള്ള തുക അനുവദിച്ചതായും പി.കെ. കൃഷ്ണദാസ് അറിയിച്ചു.
നീലേശ്വരത്ത് സ്റ്റോപ്പ് ഇല്ലാത്ത ഇൻറർസിറ്റി, മെയിൽ, നേത്രാവതി എന്നീ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് വേണ്ടി റെയിൽവേ ബോർഡിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു. റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറികളും ശൗചാലയങ്ങളും മുഴുവൻ സമയവും തുറന്നു നൽകുവാൻ നീലേശ്വരത്തെ സ്റ്റേഷന് മാസ്റ്റർക്ക് കർശന നിർദേശം നൽകി.
കൂടാതെ, ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചുള്ള നടപടികൾ ഉറപ്പുവരുത്താനും ഉദ്യോഗസ്ഥന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഈ പദ്ധതി പൂർത്തിയാകുന്നതോടുകൂടി നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറുമെന്നും റെയിൽവേ വികസന രംഗത്ത് നീലേശ്വരം വലിയ കുതിച്ചുചാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, പള്ളിക്കര മേൽപ്പാലം പൂർത്തിയാക്കുന്നതിന് വേണ്ടി ഇനി റെയിൽവേയുടെ ഭാഗത്തുനിന്നും ഒരു തടസ്സവും ഇല്ലെന്നും കരാറുകാരന്റെ ഭാഗത്തുനിന്നുള്ള പൂർത്തീകരണം മാത്രമാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ജില്ല പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, ജില്ല ജനറൽ സെക്രട്ടറി വേലായുധൻ കൊടവലം, മണ്ഡലം പ്രസിഡൻറ് സി.വി. സുരേഷ്, മണ്ഡലം പ്രഭാരി ബാബുരാജ് പരവനടുക്കം, ജനറൽ സെക്രട്ടറിമാരായ സാഗർ ചാത്തമത്ത്, രാജീവൻ ചീമേനി സേവാഭാരതി സെക്രട്ടറി സന്തോഷ് കുമാർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, റെയിൽവേ വികസന ജനകീയ കൂട്ടായ്മ ഭാരവാഹികൾ എന്നിവർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.