മൊഗ്രാൽ: അധികൃതരോട് പരാതിപറഞ്ഞിട്ടും ഫലമുണ്ടാവാതിരുന്നതോടെ കൊപ്പളം അഴിമുഖം നാട്ടുകാർ തുറന്നുവിട്ടു. ഒരാഴ്ചയായി പെയ്യുന്ന തോരാത്ത മഴയിൽ മൊഗ്രാൽ നാങ്കി കടപ്പുറം, ഗാന്ധിനഗർ, കൊപ്പളം പ്രദേശങ്ങളിലെ അമ്പതോളം വീടുകളാണ് വെള്ളക്കെട്ട് ഭീഷണിയിലായത്. സന്ദർശനം നടത്തിപ്പോകുന്ന അധികൃതരെ അറിയിക്കാതെയും കാത്തുനിൽക്കാതെയും തന്നെ പ്രദേശവാസികൾ സംഘടിച്ച് കൊപ്പളം അഴിമുഖം തുറന്നുവിടുകയായിരുന്നു. ഇത് വെള്ളക്കെട്ട് നേരിയ തോതിലെങ്കിലും കുറയാൻ സഹായകമായി.
ഒരു പതിറ്റാണ്ട് കാലമായി ഈ പ്രദേശങ്ങളിൽ അമ്പതോളം കുടുംബങ്ങൾ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുകയാണ്. ശാശ്വത പരിഹാരം കാണാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മഴ കനക്കുന്നതോടെ വീടുകൾക്ക് ചുറ്റും വെള്ളക്കെട്ട് അനുഭവപ്പെടുകയും ചില വീടുകളിൽ വെള്ളം കയറുകയും ചെയ്യും. പിഞ്ചുകുട്ടികൾ അടക്കം സ്കൂൾ -മദ്റസ വിദ്യാർഥികൾക്ക് വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുമായിരുന്നു. കക്കൂസ് കുഴികൾ വെള്ളത്തിൽ മുങ്ങുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുന്നുണ്ട്. കിണറുകളിലെ ശുദ്ധജലവും മലിനമാകുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടെയാണ് അതികൃതരുടെ ഇടപെടൽ ഉണ്ടാവാതിരുന്നത്.
അഴിമുഖം മുറിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ സി.കെ. അബൂബക്കർ, സി.എച്ച്. സിദ്ദീഖ്, ബി.കെ. അഷ്റഫ്, സി.കെ. അബ്ബാസ്, അബ്ദുല്ല മൻട്ടി, സാദിഖ് കൊപ്പളം, ജലീൽ, മൂസ, സി.എം. ജലീൽ, സി.കെ. ഹനീഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.