കാസർകോട്: കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിനായി ബി.ജെ.പി സ്വാധീനകേന്ദ്രം കൂടിയായ അടുക്കത്ത് ബയലിൽ ഒരുക്കിയ വേദിയിൽ പാർട്ടിക്ക് മതിയായ പ്രാതിനിധ്യമില്ലാത്തതിൽ സദസ്സ് നിറക്കാനെത്തിയ ബി.ജെ.പി പ്രവർത്തകർക്ക് അരിശം. വേദി മുഴുവൻ യു.ഡി.എഫ്-എൽ.ഡി.എഫ് നേതാക്കളെയും ജനപ്രതിനിധികളെയുംകൊണ്ട് നിറഞ്ഞിരുന്നു.
വിമാനത്തകരാറിനെതുടർന്ന് നിതിൻ ഗഡ്കരി എത്തിയതുമില്ല. അദ്ദേഹം ഓൺലൈനായി വന്നതോടെ സദസ്സിൽ കാണികളായി നിന്നുകൊടുക്കേണ്ട സ്ഥിതിയായി ബി.ജെ.പിക്ക്. പരിപാടി തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ ബി.ജെ.പി അണികൾ സദസ്സ് ഒഴിഞ്ഞുതുടങ്ങി. ഇതു മനസ്സിലാക്കിയ സംഘാടകർ ബി.ജെ.പി ജില്ല പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിനെ വേദിയിലേക്ക് ആനയിച്ച് ബി.ജെ.പി പ്രവർത്തകരെ തൃപ്തിപ്പെടുത്തി. കാസർകോട് താളിപ്പടുപ്പ് മൈതാനിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ബൂത്തുതലത്തിൽനിന്ന് പ്രവർത്തകരെ എത്തിച്ചെങ്കിലും വേദി ഇടതു-വലത് നേതാക്കൾ കൈയടക്കി.
ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ട പൊതുമരാമത്ത് മന്ത്രി പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് വിഡിയോ കോൺഫറൻസിൽ സംസാരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എം. രാജഗോപാലൻ, എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ്, മുൻ എം.പി പി. കരുണാകരൻ, മുൻമന്ത്രി സി.ടി. അഹമ്മദലി തുടങ്ങിയ യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളുമാണ് വേദിയിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.