കാസർകോട്: തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ് അന്വേഷണം നിലച്ചു. അന്വേഷണത്തലവനും സംഘവുമില്ലാത്ത അവസ്ഥയിലാണിപ്പോൾ കേസ്. അന്വേഷണസംഘത്തലവനായി മേൽനോട്ടം വഹിച്ചിരുന്ന വിവേക് കുമാറിനെ നിയമസഭ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഭാഗമായി സ്ഥലംമാറ്റിയിരുന്നു. പകരംചുമതല ആർക്കും നൽകിയില്ല. അദ്ദേഹത്തിന് കീഴിൽ കേസന്വേഷണം നടത്തിയ ഒമ്പതു സംഘങ്ങളിലെ ഡിവൈ.എസ്.പി, സി.െഎ പദവിയിലുള്ള അന്വേഷണ ഉദ്യോഗസ്ഥരും ജോലി തുടരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഭാഗമായി സ്ഥലംമാറ്റം ലഭിച്ച ഇവരെല്ലാം പുതിയ ലാവണത്തിലാണ്.
കാസർകോട് എസ്.എം.എസ് ഡിവൈ.എസ്.പി ആയിരിക്കെയാണ് വിവേക്കുമാറിന് അന്വേഷണത്തിെൻറ മേൽനോട്ടച്ചുമതല നൽകിയത്. അദ്ദേഹത്തെ തൃശൂർ പൊലീസ് അക്കാദമിക്ക് സമീപമുള്ള ഇന്ത്യ റിസർവ് (െഎ.ആർ) ബറ്റാലിയനിലേക്കാണ് മാറ്റിയത്. മാറ്റുേമ്പാൾ ഫാഷൻ ഗോൾഡ് അന്വേഷണച്ചുമതല മറ്റാർക്കും നൽകിയില്ല. ആ സമയം മുഖ്യപ്രതിയെ പിടികൂടിയതുമില്ല. സ്ഥലംമാറിയതോടെ വിവേക് കുമാർ അന്വേഷണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുകയോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയോ ചെയ്തില്ല. ഫലത്തിൽ അന്വേഷണം നിലച്ച അവസ്ഥയിലാണ്.
നാലു ജില്ലകളിലായി വ്യാപിച്ചുകിടന്ന 148 കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. ഇതിൽ ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഫാഷൻ ഗോൾഡ് ചെയർമാനും അന്നത്തെ മഞ്ചേശ്വരം എം.എൽ.എയുമായിരുന്ന എം.സി. ഖമറുദ്ദീൻ അറസ്റ്റിലായത്. കാസർകോട് മൂന്നു സി.െഎമാരും കണ്ണൂരിൽ ഒരു ഡിവൈ.എസ്.പിയും രണ്ടു സി.െഎമാരും കോഴിക്കോട് ഒരു ഡിവൈ.എസ്.പിയും രണ്ടു സി.െഎമാരും അന്വേഷണ ഉദ്യോഗസ്ഥരായാണ് അന്വേഷണം നീങ്ങിയത്. കേസിൽ മുഖ്യപ്രതിയെയും മറ്റു പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല.
148 കേസുകളിലായി സ്വർണനിക്ഷേപ തട്ടിപ്പിെൻറതായി 80ഒാളം രേഖകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. ഇതിൽ മൂന്നുരേഖകളിൽ മാത്രമാണ് എം.സി. ഖമറുദ്ദീൻ ഒപ്പുവെച്ചത്. മറ്റുള്ള മുഴുവൻ രേഖകളിലും കമ്പനി എം.ഡി എന്നനിലയിൽ പൂക്കോയ തങ്ങളാണ് ഒപ്പുവെച്ചത്. അദ്ദേഹമാണ് കേസിലെ മുഖ്യപ്രതി. ഖമറുദ്ദീനെ പിടികൂടിയതോടെ കേസിലെ അന്വേഷണതാൽപര്യങ്ങൾ സർക്കാർ അവസാനിപ്പിച്ചു. 'ഇപ്പോൾ അന്വേഷിക്കുന്നില്ല' എന്ന ഒറ്റവാക്കിലാണ് ഇതേക്കുറിച്ച് അന്വേഷണസംഘാംഗം പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.