കാഞ്ഞങ്ങാട്: പത്തോ, പതിനഞ്ചോ പുസ്തകങ്ങള്‍ മതി. എണ്ണം പെരുപ്പിച്ച് കാട്ടേണ്ട. അവ നല്ലതുപോ=ലെ ഉപയോഗിച്ചാല്‍ മതിയെന്ന് എഴുത്തുകാരന് ടി. പത്മനാഭന് പറഞ്ഞു. കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഗ്രന്ഥശാലയെ സംബന്ധിച്ച് ഏറ്റവും പ്രധാനം അവിടെയുള്ള പുസ്തകങ്ങള്‍ എത്രപേര്‍ വായിക്കുന്നു എന്നതാണ്. വായനക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ ശോഷിച്ചുവരികയാണ്. കുട്ടിക്കാലത്ത് ചെറുതും വലുതുമായ ഒട്ടേറെ ലൈബ്രറികള്‍ കണ്ണൂരിലും പ്രദേശങ്ങളിലും ഉണ്ടായിരുന്നു. അതില്‍ 98 ശതമാനവും നടത്തിയിരുന്നത് കണ്ണൂരിലെ തൊഴിലാളികള്‍ ആയിരുന്നു. അവര്‍ കലയെയും സാഹിത്യത്തെയുമൊക്കെ ഏറെ സ്നേഹിച്ചവര്‍ ആയിരുന്നു. തൊഴിലാളികള്‍ എന്ന് പറഞ്ഞാല്‍ കണ്ണൂരില്‍ രണ്ട് കൂട്ടര് മാത്രമേയുള്ളു. നെയ്ത്തു തൊഴിലാളികളും ബീഡി തൊഴിലാളികളും. രണ്ടു കൂട്ടരും ഇന്നില്ല. അതിനുശേഷം അവര്‍ നടത്തിയിരുന്ന വായനശാലകളും നാമാവശേഷമായി. മെംബറാകാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ക്കും അവിടെ ഇരുന്ന് പുസ്തകം വായിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഇന്ന് ഭാഷാ സാഹിത്യത്തില്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതൊക്കെ ആ വായനയിലൂടെ ലഭിച്ച അറിവ് കൊണ്ടാണ്. പുസ്തകങ്ങളുടെ എണ്ണത്തെക്കാള്‍ പ്രാധാന്യം അവ വായിക്കുന്നതിലാണെന്നും വായനശാല പ്രവര്‍ത്തകര്‍ അത് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി ചെയര്മാന് കെ.വി. കുഞ്ഞിരാമന് ആമുഖ പ്രഭാഷണം നടത്തി. എഴുത്തുകാരായ ടി.ഡി. രാമകൃഷ്ണന് എഴുത്തും അനുഭവങ്ങളും എന്ന വിഷയത്തിലും ഡോ.കെ.എസ്. രവികുമാര്‍ കടമ്മനിട്ട മനസ്സില്‍ തെളിയുമ്പോള്‍ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. സമ്മേളനത്തിൽ ഡോ.കെ.എസ്. രവികുമാറിന്റെ കടമ്മനിട്ട കവിതയും കനലാട്ടവും പുസ്തകം പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.