കാസർകോട്: അപൂർവമായ കാഴ്ചയായിരുന്നു കാസർകോട് നഗരത്തിലിന്നലെ. കൂറ്റൻ ക്രെയിനും മണ്ണുമാന്തി യന്ത്രവും ലോറിയും... കാഴ്ചക്കാരായി നൂറുകണക്കിനാളുകളും ഇവരെ നിയന്ത്രിക്കാൻ പൊലീസും. എന്താണ് സംഭവിക്കുന്നതെന്നറിയാൻ തടിച്ചുകൂടിയവർക്കെല്ലാം അതൊരു കൗതുക കാഴ്ചയായി. ദേശീയപാതയോരത്തെ മാവിൻതൈ മുറിച്ചുമാറ്റാതെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിനടുന്നതായിരുന്നു ആ വിശേഷം.
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കവയിത്രി സുഗതകുമാരി നട്ട് പേരിട്ട 'പയസ്വിനി' മാവാണിത്. 16 വർഷം പ്രായമുള്ള മാവ് ഇനി താളിപ്പടുപ്പ് അടുക്കത്ത് ബയല് സ്കൂള്‍ അങ്കണത്തിന് സ്വന്തമായി. ദേശീയപാത 66ന്റെ വികസനത്തിനു വഴിയൊരുക്കാനാണ് മാവ് മാറ്റിനട്ടത്. ദേശീയ പാതയുടെ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് മാവ് നഷ്ടപ്പെടാതെ ബദൽ വഴി കണ്ടെത്തിയത്.
ലോറിയിലെത്തിയ മാവിനെ പുഷ്പവൃഷ്ടിയോടെയാണ് സ്കൂളിലെ ആയിരത്തോളം വരുന്ന വിദ്യാർഥികള്‍ സ്വീകരിച്ചത്. ക്രെയിനും വീല്‍ ലോഡറും ഉപയോഗിച്ച് വേരനക്കാതെ മണ്കട്ടയോടുകൂടി മരം ഉയര്‍ത്തി. സ്കൂള്‍ പരിസരത്തൊരുക്കിയ കുഴിയിലേക്കു ഇറക്കിവെച്ചു. 1:1:1 അനുപാതത്തില്‍ മേല്‍മണ്ണും കമ്പോസ്റ്റും ചകിരിച്ചോറും ചേര്‍ത്ത മിശ്രിതം നിറച്ചു.
എന്‍.എ. നെല്ലിക്കുന്ന് എം.എൽ.എ, സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് ഉത്തരമേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്. കീര്‍ത്തി, ഡി.എഫ്.ഒ ബിജു, അസി. കണ്‍സര്‍വേറ്റര്‍ ധനേഷ് കുമാർ, പ്രഫ. ഗോപിനാഥന്, ഊരാളുങ്കല്‍ സൊസൈറ്റി ഡയറക്ടര്‍മാരായ പി. പ്രകാശന്, കെ.ടി.കെ. അജി, പി.കെ. സുരേഷ് ബാബു, കെ.ടി. രാജന് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.