മൊഗ്രാൽ: ദേശീയപാത വികസനം പുരോഗമിക്കുന്നതിനിടയിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകളിൽ തീർപ്പുണ്ടാക്കാത്തതിനാൽ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാതെ ദുരിതത്തിലായി നാട്ടുകാർ.
മൊഗ്രാൽ ടൗണിന് സമീപം ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തർക്കത്തിൽ വീട്ടുടമസ്ഥൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് പരാതിയിൽ തീർപ്പുണ്ടാക്കാതെ നിർമാണപ്രവർത്തനങ്ങൾ തുടരാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു.
പ്രശ്നപരിഹാരത്തിന് കോടതി കലക്ടർക്ക് നിർദേശവും നൽകിയിരുന്നു. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും തർക്കത്തിന് തീർപ്പുണ്ടായില്ല. ഇതുവഴിയുള്ള സർവിസ് റോഡ്, ഓവുചാൽ നിർമാണം പാതിവഴിയിലായത് നാട്ടുകാർക്ക് ദുരിതമായി. മഴക്കാലം തുടങ്ങിയതോടെ ഓവുചാലിന്റെ അഭാവംമൂലം മഴവെള്ളം മുഴുവനും തൊട്ടടുത്ത് മൊഗ്രാൽ ടൗണിൽ നിർമാണം പൂർത്തിയായ സർവിസ് റോഡിലൂടെയാണ് ഒഴുകുന്നത്. ഇത് സമീപത്തെ താമസക്കാരെയും വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരെയും പ്രയാസത്തിലാക്കി. ഈഭാഗത്ത് 500 മീറ്ററോളമാണ് സർവിസ് റോഡ് നിർമാണം തടസ്സപ്പെട്ടുകിടക്കുന്നത്.
കൊപ്രബസാറിൽനിന്ന് തുടങ്ങി കോടതിയെ സമീപിച്ച വീട്ടുടമയുടെ പരിസരം വരെയാണ് മുടങ്ങിക്കിടക്കുന്നത്. സർവിസ് റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ നിരവധി വ്യാപാരസ്ഥാപനങ്ങളും വീടുകളും ഒറ്റപ്പെട്ടുകിടക്കുകയാണ്.
കച്ചവടമില്ലാത്തതിനാൽ ഈഭാഗത്തെ ഹൈപ്പർ മാർക്കറ്റ് വരെ അടച്ചുപൂട്ടേണ്ടതായി വന്നു. വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.