കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ സാക്ഷിവിസ്താരം പൂർത്തിയാകുന്നു. സി.ബി.ഐയുടെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നതോടെ കേസിലെ വിസ്താരം ഈ മാസം പൂർത്തിയാകുമെന്നാണ് കരുതുന്നത്. 150ൽപരം സാക്ഷികളാണ് കേസിലുള്ളത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചിയിലെ സി.ബി.ഐ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചത്.
കേസിലെ രണ്ട് പ്രതികൾക്ക് കസ്റ്റഡി ജാമ്യം അനുവദിച്ചിട്ടുണ്ട്. ആറാം പ്രതി ഏച്ചിലടുക്കത്തെ ശ്രീരാഗ്, പത്താം പ്രതി കണ്ണോത്തെ രഞ്ജിത് എന്നിവർക്കാണ് അസുഖബാധിതരായ വല്യച്ഛൻ, പിതാവ് എന്നിവരെ സന്ദർശിക്കാൻ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെ കസ്റ്റഡി പരോൾ അനുവദിച്ചത്.
വീടുവരെ കൈയാമം വെക്കണമെന്നും, ഭാര്യ, മക്കൾ, അടുത്ത കുടുംബാംഗങ്ങൾ എന്നിവരെ മാത്രമേ സന്ദർശിക്കാവൂവെന്നും കോടതി നിർദേശിച്ചു. മുദ്രാവാക്യം വിളികളോ യോഗങ്ങളോ പാടില്ല.
കഴിഞ്ഞ അഞ്ചു വർഷമായി പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സി.ബി.ഐ പ്രോസിക്യൂട്ടർ ബോബി ജോസ്, കാഞ്ഞങ്ങാട് ബാറിലെ കെ. പത്മനാഭൻ എന്നിവരാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.
2019 ഫെബ്രുവരി 17ന് രാത്രി 7.35ഓടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വാഹനങ്ങളിൽ പിന്തുടർന്ന് രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് കേസ്. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവും മുൻ എം.എൽ.എയുമായ കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠൻ ഉൾപ്പടെ 24 പ്രതികളാണുള്ളത്. പ്രതികളിൽ 11 പേർ 2019 ഫെബ്രുവരി 22 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.