കാസർകോട്: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പരിഗണിക്കുന്ന കാസർകോട്ടെ പ്രിൻസിപ്പൽ പോക്സോ കോടതിയിൽ ജഡ്ജിയില്ലാതെ മൂന്നു മാസം പിന്നിടുന്നു. ഒമ്പത് പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളിലായി 500 കേസുകളാണ് നീതി കാത്തുകിടക്കുന്നത്. 2019 ജൂണിൽവരെ ഏറ്റവും വേഗത്തിൽ കേസുകൾ തീർപ്പാക്കിക്കൊണ്ടിരുന്ന കോടതിയിലാണ് കേസുകൾ കെട്ടിക്കിടക്കുന്നത്. പിന്നീട് വന്ന ജഡ്ജിമാർ ചുരുങ്ങിയ സമയം കൊണ്ട് സ്ഥലംമാറി പോവുകയായിരുന്നു. അതുകൊണ്ടുതന്നെ കേസുകൾ നീണ്ടുപോവുകയാണ്.
കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിവെച്ച് കാഞ്ഞങ്ങാട്ട് ഒരു ഫാസ്റ്റ് ട്രാക്ക് വിചാരണ കോടതിയും പ്രവർത്തിച്ചുവരുന്നു. 125 കേസുകൾ കാസർകോട്ടെ കോടതിയിൽനിന്ന് ഇവിടേക്ക് മാറ്റിയവയാണ്. ബാക്കി 325 കേസുകൾ കാസർകോട് കോടതിയിലുണ്ട്. കാസർകോട് വനിത പൊലീസ് സ്റ്റേഷൻ കൂടി വന്നതോടെ കേസുകളുടെ എണ്ണം വീണ്ടും കൂടിയിട്ടുണ്ട്. ഇതിൽതന്നെ 2014ലെ ഏതാനും കേസുകൾ ഇപ്പോഴും വിധി കാത്ത് കഴിയുകയാണ്.
ജാമ്യം ലഭിക്കാത്ത വകുപ്പുകളിൽ പ്രതികളെ വിചാരണത്തടവുകാരാക്കി കസ്റ്റഡിയിൽ സൂക്ഷിച്ച് വേഗത്തിൽ ഇരകൾക്ക് നീതി ലഭ്യമാക്കുക എന്നതാണ് പോക്സോ കോടതികളുടെ ലക്ഷ്യം. കോടതിയിൽ ജഡ്ജി ഇല്ലാത്തതിനാൽ നിശ്ചിത കാലത്തെ റിമാൻഡ് വാസം കഴിയുന്ന പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്ന സാഹചര്യമാണ്. ഇവരിൽ പലരും പിന്നീട് ഒളിവിൽ പോവുകയോ ഹാജരാവാതിരിക്കുകയോ ചെയ്യുന്നു.
അഡീഷനൽ ജില്ല ജഡ്ജി (മൂന്ന്) ക്കാണ് പോക്സോ കോടതിയുടെ അധികചുമതല. നേരത്തെ തന്നെ കേസുകളുടെ ബാഹുല്യം കൊണ്ട് വീർപ്പുമുട്ടുന്ന പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതിക്ക് പോക്സോ കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാറില്ല. ജാമ്യവുമായി ബന്ധപ്പെട്ട സംഗതികൾ മാത്രമാണ് ആകെ പരിഗണിക്കുന്നത്.
വിവിധ ഭാഷകൾ പ്രചാരത്തിലുള്ള കാസർകോട്ടെ കോടതിയിൽ വ്യവഹാരങ്ങൾ തർജമ ചെയ്തുനൽകുന്ന ട്രാൻസ്ലേറ്റർ തസ്തികയിലും ആളില്ല.ഇതും പലപ്പോഴും കേസ് നടത്തിപ്പിനു കുരുക്കായി മാറുന്ന സാഹചര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.