കാസർകോട്: ജില്ലയിലെ ഹോട്ടലുകളിൽ പലതിലും പലതരത്തിൽ വില ഈടാക്കുന്നതായി പരാതി. നഗരത്തിലെ അടുത്തടുത്തുള്ള പല പ്രശസ്ത ഹോട്ടലുകളിലും വലിയ വ്യത്യാസമാണ് വിലയിലുള്ളത്. വെജിറ്റേറിയൻ വിഭവങ്ങൾക്ക് പേരുകേട്ട ഒരു ഹോട്ടലിൽനിന്ന് മസാലദോശ കഴിച്ചാൽ 55 വാങ്ങും. അതേസമയം, അടുത്തുള്ള ഹോട്ടലിലെ മസാലദോശക്ക് 52 കൊടുത്താൽ മതി. വില കൂടുതലാണെങ്കിൽ ഗുണമുണ്ടാകുമെന്ന് കരുതിയെങ്കിൽ തെറ്റി. അതിനു തക്ക ഗുണവുമില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.
ബിരിയാണിക്ക് ഒരു പ്രമുഖ ഹോട്ടൽ ഈടാക്കുന്നത് 230 രൂപയാണ്. അതിന്റെ ഗുണമുണ്ടെങ്കിലും മറ്റ് ഹോട്ടലിൽ ബിരിയാണി 150നും 120നും കൊടുക്കുന്നുമുണ്ട്. ഇവിടെയെല്ലാം ഒരേ പാചക സംവിധാനമാണ് ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഒരു ഹോട്ടലിൽ ചായക്ക് 10 രൂപ, കാപ്പിക്ക് 12ഉം. എന്നാൽ, മറ്റുചില ഹോട്ടലുകൾക്ക് അത് 12ഉം 15ഉം ആകുന്നു. മറ്റുചില ഹോട്ടലുകളിലേത് ചായക്ക് 12ഉം കാപ്പിക്ക് 18ഉം ആകുന്നുമുണ്ട്. കടികൾക്ക് പൊതുവേ 12 ആണ് ഈടാക്കുന്നതെങ്കിലും ചില ഹോട്ടലുകളിൽ 15 വാങ്ങുന്നുണ്ടെന്ന് പരാതിയുണ്ട്. ഇലയടക്ക് പൊതുവേ വാങ്ങുന്നത് 12 രൂപയാണെങ്കിൽ നഗരത്തിലെ ഒരു ഹോട്ടലിൽ 20 രൂപ വാങ്ങുന്നുണ്ടെന്നാണ് പരാതിയുള്ളത്. ജനങ്ങളുടെ ഇഷ്ടവിഭവങ്ങളായ മസാല ദോശ, നെയ് റോസ്റ്റ് എന്നിവക്ക് പലതരം വിലയാണ് ഹോട്ടലുകളിൽ. ഉച്ചയൂണിന് 60 രൂപ സാധാരണ വിലയായി ഹോട്ടലുകാർ നിജപ്പെടുത്തിയെങ്കിൽ 70ഉം 75ഉം ചില ഹോട്ടലുകൾ വാങ്ങുന്നുണ്ട്. ഇതിന്റെ കൂടെ പായസവും ചില ഹോട്ടലുകൾ നൽകുന്നുണ്ട് എന്നതാണ് വില കൂട്ടാനുള്ള കാരണമായി പറയുന്നത്.
അതേസമയം, കുടുംബശ്രീ ഹോട്ടലുകളിലും മറ്റും 30 രൂപക്കും ഉച്ചയൂണ് കൊടുക്കാൻ പറ്റുന്നുണ്ട് എന്നതാണ് യാഥാർഥ്യം. അതുപോലെ ബിരിയാണിക്ക് രണ്ടു പീസ് വെച്ചാൽ 150ഉം 120ഉം വാങ്ങുന്ന ഹോട്ടലുകളും കാണാം. രണ്ടിനും ഗുണനിലവാരം ഒന്നുതന്നെ. കൗമാരക്കാർക്ക് കൂടുതൽ ഇഷ്ടപ്പെടുന്ന ചിക്കൻ ഫ്രൈഡ് റൈസിനും നൂഡിൽസിനും ബിരിയാണിയുടെ റേറ്റ് തന്നെയാണ് വാങ്ങുന്നതെങ്കിലും പേരിനുപോലും അതിൽ ചിക്കൻ ഇല്ലാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്.
ഹോട്ടലുകളിൽ നൽകുന്ന ജ്യൂസുകൾക്കും പലതരത്തിലാണ് വില ഈടാക്കുന്നത്. യുവജന സംഘടനകളടക്കം ഇതിൽ പ്രതിഷേധിച്ച് രംഗത്തുണ്ടെങ്കിലും അവശ്യസാധന വിലക്കയറ്റം പറഞ്ഞാണ് ഇവർ പിടിച്ചുനിൽക്കുന്നത്. അപ്പോൾ ജനങ്ങൾ ചോദിക്കുന്നത് വിലകുറച്ച് വിൽക്കുന്ന ഹോട്ടലുകൾ ഈ അവശ്യസാധനങ്ങൾ തന്നെയല്ലേ വാങ്ങിക്കുന്നതെന്നാണ്. ഹോട്ടലുകളിലെ ഇത്തരത്തിലുള്ള വില ഈടാക്കുന്നത് സർക്കാർ ഇടപെട്ട് നിയന്ത്രിക്കണമെന്നും ഇതിന് ബദലായി കൂടുതൽ ജനകീയ ഹോട്ടലുകൾ വരണമെന്നുമാണ് സാധാരണക്കാരായ ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.