കാസർകോട്: കാടുമൂടി നാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന കുമ്പള മുജംഗാവിലെ യക്ഷഗാന കലാക്ഷേത്രം കലാകാരന്മാർക്കിടയിൽ നോവായി മാറുന്നു.
തുളുനാടിന്റെ ഏറ്റവും വലിയ കലാരൂപമായ യക്ഷഗാനത്തെയും അതിന് നേതൃത്വം നൽകിയ യക്ഷഗാന കുലപതി പാർഥി സുബ്ബനെയും സർക്കാർ തുടങ്ങിവെച്ച പദ്ധതി പാതിവഴിയിലാക്കി അവഹേളിക്കുകയാണെന്ന ആക്ഷേപമാണ് യക്ഷഗാന കലാകാരന്മാർക്കിടയിൽ ഉയർന്നുവരുന്നത്. ഒപ്പം, പ്രതിഷേധ സ്വരവും.
തുളുനാടിന്റെ യക്ഷഗാന കുലപതി പാർഥി സുബ്ബന്റെ സ്മരണക്കായി 2010ൽ കുമ്പളയിൽ നിർമാണമാരംഭിച്ച കലാക്ഷേത്രമാണ് പാതിവഴിയിൽ ഉപേക്ഷിച്ചത്. യക്ഷഗാന കലാരൂപത്തെ യുവതലമുറക്ക് പരിചയപ്പെടുത്താനുള്ള പഠന പരിശീലന കേന്ദ്രമായിരുന്നു പദ്ധതികൊണ്ട് ലക്ഷ്യമിട്ടിരുന്നത്. കലാകേന്ദ്രത്തിന്റെ ജോലി നടന്നുവരവെ തന്നെ കലാകാരന്മാർ ആവേശംകൊണ്ട് ഇവിടെ നിരവധി യക്ഷഗാന പരിപാടികളും നടത്തിയിരുന്നു.
അതുകൊണ്ടുതന്നെ തുളുനാടിന് ഏറെ പ്രതീക്ഷ നൽകുന്ന പദ്ധതിയായിരുന്നു ഇത്. തുളുനാട് വലിയ ആദരവ് നൽകുന്ന കലാരൂപമാണ് യക്ഷഗാനം. ഇതിന്റെ സംരക്ഷണത്തിനായി കൊണ്ടുവന്ന പദ്ധതിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നതിൽ കലാകാരന്മാർക്കിടയിൽ വലിയ വിഷമമുണ്ട്.
ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും പദ്ധതി പൂർത്തീകരണത്തിനും കലാക്ഷേത്ര സംരക്ഷണത്തിനും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല. കഴിഞ്ഞവർഷം വിഷയം മാനവ സംസ്കൃതി മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി ഭാരവാഹികൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. 2024-25ലെ സർക്കാർ ബജറ്റിൽ പദ്ധതിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞുകേട്ടിരുന്നു. എന്നാൽ, ഇതുവരെ തുടർനടപടി ഉണ്ടായിട്ടില്ല.
ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടം ഇപ്പോൾ പൂർണ നാശത്തിന്റെ വക്കിലാണ്. രാത്രിയായാൽ കെട്ടിടത്തിനകത്ത് സാമൂഹികവിരുദ്ധരുടെ താവളമാണെന്ന് ആക്ഷേപമുണ്ട്.
കെട്ടിടത്തിനകത്ത് മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞ നിലയിലാണ്. മദ്യലഹരിയിൽ കെട്ടിടത്തിന്റെ ഓടുകളൊക്കെ എറിഞ്ഞുപൊളിച്ചിട്ടുണ്ട്. മേൽക്കൂര അപകടകരമാംവിധം തകർച്ച നേരിടുന്നു.
പദ്ധതി പൂർത്തീകരണത്തിന് ജനപ്രതിനിധികളുടെ അടിയന്തര ഇടപെടലുണ്ടാവണമെന്നാണ് യക്ഷഗാന കലാകാരന്മാരുടെയും നാട്ടുകാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.