കാസർകോട്: ജുലൈ ഒന്നുമുതൽ പ്രാബല്യത്തിൽവന്ന പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായസംഹിതയെകുറിച്ച് പൗരന്മാരെ ബോധവത്കരിക്കാൻ പൊലീസ്. ഇതുസംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ റെസിഡന്റ്സ് അസോസിയേഷൻ മെംബർമാർക്കും കാസർകോട് മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാർക്കും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ക്ലാസ് ജില്ല പൊലീസ് മേധാവി പി. ബിജോയ് ഉദ്ഘാടനം ചെയ്തു. പുതിയ നിയമത്തിൽ പല കുറ്റങ്ങൾക്കും കടുത്ത ശിക്ഷ നടപടികളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ നിയമങ്ങൾ പ്രകാരം കേസുകൾ കൈകാര്യം ചെയ്യുന്നതിന് ജില്ല പൊലീസ് സുസജ്ജമാണ്. ജൂലൈ ഒന്നുമുതൽ ഇന്ത്യൻ പീനൽ കോഡിന് (ഐ.പി.സി) പകരം ഭാരതീയ ന്യായസംഹിത 2023, ഭാരതീയ നാഗരിക സുരക്ഷ സംഹിത -2023, ഭാരതീയ സാക്ഷ്യ അധിനിയം 2023 എന്നിവ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതികളിൽ വിചാരണ നടത്തുക.
ജൂലൈ ഒന്നിനു മുമ്പായി നടന്ന സംഭവങ്ങളിൽ ഇന്ത്യൻ ശിക്ഷ നിയമ പ്രകാരമായിരിക്കും കേസുകൾ രജിസ്റ്റർ ചെയ്യുക. പുതിയ നിയമങ്ങൾ നിലവിൽ വരുന്നതിന് മുമ്പുള്ള കേസുകളിൽ തൽസ്ഥിതി തുടരും. മാറിയ സാഹചര്യത്തിൽ പുതിയ നിയമങ്ങൾ പ്രകാരം കേസുകൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ജില്ല പൊലീസ് നടത്തിയതായി പൊലീസ് മേധാവി പറഞ്ഞു.
ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും പുതിയ നിയമങ്ങളെ കുറിച്ചുള്ള ക്ലാസുകൾ നൽകി. ഡൽഹി ആസ്ഥാനമായുള്ള ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റിലെ വിദഗ്ധർ പരിശീലിപ്പിച്ച മാസ്റ്റർ ട്രെയിനർമാർ ആണ് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ലാസെടുക്കുന്നത്.
പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാെരയും അഞ്ചുബാച്ചുകളാക്കുകയും ഓരോ ബാച്ചിനും മൂന്നുദിവസം വീതം പരിശീലനം നൽകുകയും ചെയ്തു. അതിനുശേഷം സബ് ഡിവിഷൻ തലത്തിൽ പൊലീസുകാരെ രണ്ടു ബാച്ചുകളാക്കി പരിശീലനം നൽകി.
കേസുകൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ സാങ്കേതിക പരിശീലനം എല്ലാ സ്റ്റേഷനികളിലേയും പൊലീസുകാർക്കും നൽകി.
ജില്ല പോലീസ് മേധാവി പി. ബിജോയ് ഐ.പി.എസ്, അഡിഷനൽ പൊലീസ് സൂപ്രണ്ട് എ.വി ജോൺ, റിട്ട. ജില്ല ജഡ്ജ് ശങ്കരൻ നായർ, കാസർകോട് മുനിസിപ്പൽ കൗൺസിലർമാർ, റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ, കാസർകോട് സൈബർ സെൽ എസ്.ഐ. അജിത്ത്, ജില്ല പോലീസ് ലീഗൽ അഡ്വൈസർ വിനയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.