കാസർകോട്: ലോക്സഭ കാസർകോട് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പിൽ ഇടത് അധീനതയിലുള്ള നിയമസഭ മണ്ഡലങ്ങളിൽ പോളിങ് മുന്നേറ്റം. പോളിങ് ആരംഭിച്ച രാവിലെ ഏഴുമുതൽ പയ്യന്നൂർ കല്യാശ്ശേരി മണ്ഡലങ്ങൾ രണ്ട് ശതമാനത്തിൽ മുന്നിട്ട് നിന്നത് വൈകീട്ട് അഞ്ചോടെ പത്തു ശതമാനത്തിന്റെ വ്യത്യാസത്തിലെത്തുകയായിരുന്നു.
തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിൽ പോളിങ് ശരാശരി സഞ്ചാരമായിരുന്നുവെങ്കിൽ യു.ഡി.എഫ് എം.എൽ.എമാരുടെ മഞ്ചേശ്വരവും കാസർകോട് പിറകിലായിരുന്നു. യു.ഡി.എഫ്, എൽ.ഡി.എഫ് വ്യത്യാസമില്ലാതെ ന്യൂനപക്ഷ മേഖലളിലും ദൃശ്യമായി. അതേസമയം കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങൾ പയ്യന്നൂർ, കല്ല്യാശ്ശേരി മണ്ഡലങ്ങളുടെ പിറകിലായിരുന്നു.
പയ്യന്നൂരിലായിരുന്നു കുതിപ്പ്. രാവിലെ 8.15ന് മഞ്ചേശ്വരത്ത് 4.50ശതമാനവും കാസർകോട് 4.31ശതമാനവും പോൾ ചെയ്തപ്പോൾ പയ്യന്നൂരിൽ ആറ് ശതമാനവും കല്യാശ്ശേരിയിൽ 5.31ശതമാനവുമായിരുന്നു. ഇത് 8.40 ആയപ്പോൾ പയ്യന്നൂർ 7.86 ശതമാനമായി. കല്ല്യാശ്ശേരിയിൽ 6.75 ശതമാനമായി.
ഈ സമയം മഞ്ചേശ്വരം 5.35ഉം കാസർകോട് 5.40വും ആയിരുന്നു പോളിങ്. കാസർകോട് ജില്ലയിലെ എല്ല മണ്ഡലങ്ങളിലും സമാനമായ വികാസമാണ് പോളിങ്ങിലുണ്ടായത്. 2019ൽ ഇടത് പക്ഷത്തെ ചതിച്ചുവെന്ന് അവർ പറയുന്ന പയ്യന്നൂർ, കല്ല്യാശ്ശേരി മണ്ഡലങ്ങളിലാണ് പോളിങ് പാഞ്ഞുകയറിയത്.
ഇത് യു.ഡി.എഫിനെ ആശങ്കപ്പെടുത്താനിടയുണ്ട്. ഉച്ചകഴിഞ്ഞ് 2.50ന് കല്ല്യാശ്ശേരി 55ലേക്കും പയ്യന്നൂർ 55.11ലേക്കും കടന്നു. തൃക്കരിപ്പൂർ 50 കാഞ്ഞങ്ങാട് 46, ഉദുമ 47 എന്നീ നിലകളിലായപ്പോൾ മഞ്ചേശ്വരവും കാസർകോടും 45ലെത്തിയില്ല. അഞ്ചുമണിക്ക് കല്യാശ്ശേരി 66 കടന്നു.
പയ്യന്നൂർ 69ലേക്കെത്തി. മഞ്ചേശ്വരവും കാസർകോടും പത്ത് ശതമാനം വീതം പിന്നിലായിരുന്നു. പോളിങ് 80ശതമാനത്തിന് മുകളിലായാലാണ് ഇടത് പക്ഷത്തിന് പൊതുവിൽ എതിരെ വിധിയുണ്ടാകാറുള്ളതെന്ന് ഇടത് കേന്ദ്രങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.