കാസർകോട്: പോത്താംകണ്ടം അരിയിട്ടപാറയിൽ ആരംഭിക്കാൻ പോകുന്ന മാലിന്യ പ്ലാന്റ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതിയിൽനിന്നും സർക്കാർ പിൻമാറണമെന്നും ഈ ആവശ്യം ഉന്നയിച്ച് ഈമാസം 13ന് ചീമേനി വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നും സാധുജന പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അനീഷ് പയ്യന്നൂർ, ജനറൽ സെക്രട്ടറി പി. രാഘവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എൻഡോസൾഫാൻ ദുരിതം വിട്ടുമാറാത്ത ജനതക്കുള്ള ഇരട്ട പ്രഹരമാകും പദ്ധതി. പ്രതിഷേധ മാർച്ച് 13ന് രാവിലെ 10ന് രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്യും.
ആദിവാസി ജനതയുടെ ആവാസ വ്യവസ്ഥ തകർക്കുന്നതും നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന തോടും പുണ്യപുരാതനമായി ആരാധിച്ചു വരുന്ന കാവുകൾക്കും മുത്തുപ്പാറ മഖാം ആരാധനാലയത്തിനും സർവനാശം വിതക്കുന്നതുമായ മാലിന്യ പ്ലാൻറ് യാഥാർഥ്യമായൽ പ്രദേശത്ത് വൻദുരന്തത്തിന് ഇടയാകും. പെരിങ്ങോം സി.ആർ.പി.എഫ് തുടങ്ങി രാജ്യസേവനം ചെയ്യുന്ന ഉദ്യോഗസ്ഥരും ഇവിടെനിന്നുള്ള കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്.
ഇതു ചൂണ്ടിക്കാട്ടി കേന്ദ്ര -കേരള സർക്കാറിന്റെ ശ്രദ്ധയിൽക്കൊണ്ടു വരുന്നതിന് ഒപ്പുശേഖരണം നടത്തി ഭീമ ഹരജി നൽകും. പ്രദേശത്ത് നാനൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ള മാലിന്യങ്ങളാണ് ഈ പ്ലാൻറ് പൂർത്തിയായാൽ എത്തിക്കുക.
ഇത് ജനങ്ങളുടെ ആരോഗ്യ പ്രശ്നത്തിനും കാരണമാകും. 2400 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് അറിയുന്നതെന്നും ഇത് കോളനിവാസികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുമെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം. ശ്രീനിവാസൻ, പള്ളിയത്ത് പത്മനാഭൻ, ടി. രാജേഷ്, എം. സരീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.