കാസർകോട്: കർണാടകയിൽ പ്രവേശിക്കുന്നതിന് 72മണിക്കൂർ മുെമ്പടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിനു പുറമെ ഒരാഴ്ച നിർബന്ധിത ക്വാറൻറീൻ കൂടി ഏർപ്പെടുത്തിയ നടപടിയിൽ കടുത്ത ആശങ്ക. എന്തിനും ഏതിനും മംഗളൂരുവിലേക്ക് പോകേണ്ട വിദ്യാർഥികൾ ഉൾെപ്പടെ ആയിരക്കണക്കിന് പേരാണ് ഇതോടെ പ്രതിസന്ധിയിലായത്. കേരളത്തിൽനിന്നുള്ളവരെ തടയുക എന്നതിലപ്പുറം ഒരുനിലക്കും നടപ്പിലാക്കാൻ കഴിയാത്ത കാര്യം കൂടിയാണ് കർണാടക സർക്കറെിെൻറ ഉത്തരവെന്നാണ് വിലയിരുത്തൽ. കർണാടകയിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതുമുതൽ അതിർത്തിയിൽ കടുത്ത അസ്വാസ്ഥ്യതകളാണ്. ചികിത്സ ഉൾപ്പടെയുള്ള അടിയന്തര ആവശ്യങ്ങൾക്കുപോകുന്നവരെപോലും തടഞ്ഞുനിർത്തി പരിശോധന നടത്തി. കർണാടക നടപടിക്കെതിരെ കേരളത്തിലെ ബി.ജെ.പി ഒഴികെയുള്ള മുഴുവൻ പാർട്ടികളും പ്രതിഷേധവും നടത്തി. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് സ്വാതന്ത്ര്യദിനത്തിൽ ഏകദിന ഉപവാസവുമിരുന്നു.
സുപ്രിംകോടതി വിധിക്കെതിരെ
സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന സുപ്രീംകോടതി വിധിപോലും മറികടന്നാണ് കർണാടക സർക്കാർ അതിർത്തിറോഡുകളിൽ മണ്ണിട്ടും ബാരിക്കേഡ് സ്ഥാപിച്ചുമാണ് കേരളീയരെ നേരിട്ടത്. ഇതുകാരണം കേരളത്തിൽനിന്നുള്ള വിദ്യാർഥികളുൾപ്പടെയുള്ള ആയിരക്കണക്കിന് പേർ ദുരിതത്തിലായി. അതിർത്തിയിൽ ആർ.ടി.പി.സി.ആർ പരിശോധനക്ക് കാസർകോട് ജില്ല ഭരണകൂടം സംവിധാനമൊരുക്കിയെങ്കിലും ഭൂരിപക്ഷം പേർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നില്ല. വിഷയം കോടതി കയറിയെങ്കിലും കർണാടക കുലുങ്ങിയില്ല. ഇതിനിടെയാണ് ഏഴു ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കി ഉത്തരവിറങ്ങിയത്.
വിദ്യാർഥികൾക്കും ക്വാറൻറീൻ നിർബന്ധം
കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ ഉൾെപ്പടെയുള്ളവർ കർണാടകയിൽ എത്തിയാൽ ഒരാഴ്ച ക്വാറൻറീൻ ഇരിക്കണമെന്ന് ഉത്തരവിൽ പ്രത്യേകം നിർദേശിക്കുന്നുണ്ട്. വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിനാണ് അതിെൻറ ഉത്തരവാദിത്തം. എല്ലാ വിദ്യാർഥികൾക്കും ക്വാറൻറീൻ സൗകര്യമൊരുക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഒരുക്കമല്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. പരീക്ഷക്ക് പോകുന്നവർക്ക് ഹാൾടിക്കറ്റ് ഹാജരാക്കിയാൽ മതി.
മംഗളൂരുവിലെ വിവിധ ബാങ്കുകൾ ഉൾെപ്പടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഒേട്ടറെ കേരളീയരുണ്ട്. അതിർത്തി കടന്നയുടൻ ഒരാഴ്ച ക്വാറൻറീനിൽ പോയാൽ പിന്നെ ജോലിയിൽ പ്രവേശിക്കാൻ കഴിയില്ല.നാട്ടിൽ വരാതെ കർണാടകയിൽ തന്നെ കഴിയുകയാണെങ്കിൽ മാത്രമേ ഇവർക്ക് ജോലിയിൽ തുടരാനാവൂ.
ഉത്തരവിൽ അവ്യക്തതയേറെ
ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയെങ്കിലും എന്നുമുതൽ പ്രാബല്യത്തിൽ എന്ന കാര്യം പറയുന്നില്ല. സെപ്റ്റംബർ ഒന്നുമുതൽ എന്ന് അനൗദ്യോഗിക വിവരങ്ങൾ മാത്രമാണുള്ളത്. ചൊവ്വാഴ്ച അതിർത്തിയിൽ എത്തിയവരോട് ക്വാറൻറീൻ കാര്യം ചെക്പോസ്റ്റുകളിൽനിന്ന് നിർദേശിച്ചിട്ടില്ല. ബുധനാഴ്ച എന്താണ് ഉണ്ടാവുകയെന്നാണ് കാത്തിരിക്കുന്നത്. മംഗളൂരുവിലേക്കുള്ള ബസുകൾ തലപ്പാടിവരെയാണ് ഇപ്പോൾ പോകുന്നത്. അവിടെയെത്തി മാറി കയറുകയാണ് കാസർകോട് ജില്ലയിൽനിന്നുള്ളവർ ചെയ്യുന്നത്.
രാഷ്ട്രീയ പകപോക്കലെന്ന് സി.പി.െഎ
കാസര്‍കോട്: കോവിഡ് നിയന്ത്രണം സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാറിെൻറ മാനദണ്ഡങ്ങളെപോലും കാറ്റില്‍ പറത്തി തികച്ചും ദുരുപദിഷ്ടമായി കേരളത്തില്‍നിന്നുള്ളവര്‍ക്ക് ഏഴു ദിവസത്തെ ക്വാറൻറീന്‍ ഏര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ ജില്ല കൗണ്‍സില്‍. കോവിഡ് നിയന്ത്രണത്തിെൻറ പേരില്‍ കേരളത്തില്‍ നിന്നുള്ളവരോട് കുറച്ചുകാലമായി തുടരുന്ന ഈ വിവേചനപരമായ സമീപനം രാഷ്ട്രീയ പകപോക്കാലാണ്. ദിനംപ്രതിയെന്നോണം ആയിരക്കണക്കിനാളുകളാണ് തൊഴില്‍, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കേരളത്തില്‍ നിന്നും അതിര്‍ത്തി കടന്ന് കർണാടകയിലേക്കും തിരിച്ചും യാത്രചെയ്യുന്നത്.അന്തര്‍ദേശീയ യാത്രകള്‍ക്കുപോലും ഇല്ലാത്ത നിയന്ത്രണങ്ങള്‍ ഒരു അയല്‍സംസ്ഥാനത്തിലെ ജനങ്ങളോട് കാണിക്കുന്നത് ക്രൂരവും അപലപനീയവുമാണ്.ഈ പ്രശ്‌നത്തില്‍ എത്രയും പെെട്ടന്ന് കേന്ദ്ര, കേരള സര്‍ക്കാറുകള്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു.
വ്യാപാരികൾ പ്രതിസന്ധിയിൽ
കുമ്പള: കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനു പുറമെ നിർബന്ധിത ക്വാറൻറീൻ കൂടി ഏർപ്പെടുത്തിയ കർണാടകയുടെ നടപടി ജില്ലയിലെ നൂറുകണക്കിന് വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ദിവസേന കാസർകോട് നിന്ന് മംഗളൂരുവിലേക്കും തിരിച്ചും വ്യാപാര ആവശ്യങ്ങൾക്കായി പോകുന്നവർക്കാണ് കർണാടക സർക്കാർ നടപടി തിരിച്ചടിയായത്. പലചരക്ക്, പച്ചക്കറി, വസ്ത്ര വ്യാപാരികൾ വ്യാപാര ആവശ്യങ്ങൾക്കായി ഏറെ ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്. പുതിയ നിയമം വ്യാപാരികൾക്ക് അതിർത്തി കടക്കാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. വിഷയത്തിൽ ജില്ലയിലെ ജനപ്രതിനിധികളും ജില്ല ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്ന് കുമ്പളയിലെ വ്യാപാരി കൂട്ടായ്മ ആവശ്യപ്പെട്ടു.
കർണാടകയിൽ മലയാളികൾക്ക് ക്വാറൻറീൻ നടപ്പാക്കി തുടങ്ങിയില്ല
ബംഗളൂരു: േകരളത്തിൽനിന്നു കർണാടകയിലേക്കു വരുന്ന എല്ലാവർക്കും ഏഴു ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ചൊവ്വാഴ്ച നടപ്പാക്കിയില്ല. വിദ്യാർഥികൾക്കും കർണാടകയിൽ ജോലി ചെയ്യുന്നവർക്കും ഉൾപ്പെടെ കേരളത്തിൽനിന്നു വരുന്ന എല്ലാവരെയും നിർബന്ധിത ക്വാറൻറീനിലാക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നതെങ്കിലും പ്രാദേശികതലത്തിൽ നിയന്ത്രണം നടപ്പാക്കി തുടങ്ങിയിട്ടില്ല. വിശദമായ മാർഗനിർദേശം പുറത്തിറക്കിയശേഷമായിരിക്കും ഒാരോ ജില്ലയിലും ക്വാറൻറീൻ ഏർപ്പെടുത്തുകയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.