കാസർകോട്: ചെർക്കളയിലെ രൂക്ഷമായ വെള്ളക്കെട്ടുമൂലം യാത്രക്കാരും കാൽനടക്കാരും വ്യാപാരികളും വലയുന്നു. വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയം വേനൽമഴയിൽതന്നെ ബന്ധപ്പെട്ടവരെ അറിയിച്ച് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ മുഖാന്തരം കലക്ടർ നിർമാണക്കമ്പനിയായ മേഘ കൺസ്ട്രക്ഷനുമായി ചർച്ച നടത്തി താൽക്കാലിക പരിഹാരങ്ങൾ നിർദേശിച്ചിരുന്നു. മേഘ കമ്പനി അടിയന്തരസാഹചര്യം കണക്കിലെടുത്ത് താൽക്കാലിക പരിഹാരവും ചെയ്തിരുന്നു.
ശനിയാഴ്ചയുണ്ടായ മഴയിൽ വീണ്ടും വെള്ളക്കെട്ടുണ്ടാവുകയായിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായില്ലെങ്കിൽ മഴക്കാലം മുഴുവൻ ദുരിതമനുഭവിക്കേണ്ടി വരുന്നത് വ്യാപാരികളും യാത്രക്കാരുമായിരിക്കും. എത്രയുംപെട്ടെന്ന് ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
കാഞ്ഞങ്ങാട്: ശക്തമായ കാറ്റിലും മഴയിലും വിവാഹപ്പന്തൽ തകർന്നുവീണു. വീട്ടുടമയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. കുണിയ തെക്കേക്കുന്നിലെ ഇസുദ്ദീന്റെ വീട്ടിലെ വിവാഹപന്തലാണ് തകർന്നത്. ശനിയാഴ്ച ഉച്ചക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പന്തൽ തകർന്നത്. ശനിയാഴ്ച വൈകീട്ട് നിക്കാഹ് നടക്കാനിരിക്കയാണ് അപകടം.
കാറ്റിൽ മേൽക്കൂര ഉൾപ്പെടെ മീറ്ററുകളോളം പറന്നുപോയി. പന്തലിനടിയിൽനിന്ന് ആളുകൾ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി. വീട്ടുടമ ഇസുദ്ദീന് ഷീറ്റ് വീണ് കാലിൽ പരിക്കേറ്റു. ഭക്ഷണം പാചകത്തിനെത്തിയ ഒരാൾക്കും പരിക്കുണ്ട്. ഇസുദ്ദീന്റെ മകളുടെ വിവാഹത്തിന് കെട്ടിയ പന്തലാണ് തകർന്നത്. കുണിയ, പള്ളിക്കര ഭാഗത്ത് ശനിയാഴ്ച ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്.
കാഞ്ഞങ്ങാട്: അമ്പലത്തറയിൽ മതിലിടിഞ്ഞ് വീണ് യുവതി കല്ലിനടിയിൽ കുടുങ്ങി. ശനിയാഴ്ച വൈകീട്ട് മൂന്നോടെ ബിതിയാലിലാണ് അപകടം. ബിതിയാലിലെ മിനിക്കാണ് (40) പരിക്കേറ്റത്.
വീടിന് സമീപം അലക്കുന്നതിനിടെ തൊട്ടടുത്തുള്ള പറമ്പിൽ പുതുതായി കെട്ടിയ മതിൽ പൊളിഞ്ഞുവീഴുകയായിരുന്നു. മൂന്നു മീറ്റർ ഉയരമുള്ള മതിലാണ് തകർന്നത്. സമീപവാസികൾ യുവതിയെ വലിച്ചെടുക്കുകയായിരുന്നു. കാലിനുൾപ്പെടെ പരിക്കേറ്റു.
ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടടുത്ത് കുട്ടികളുണ്ടായിരുന്നുവെങ്കിലും അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ശനിയാഴ്ച ഇവിടെ ശക്തമായ മഴയാണ് പെയ്തത്.
ബദിയടുക്ക: കാലപ്പഴക്കംചെന്ന ഓടിട്ട വീട് നിലംപൊത്തിയാതോടെ ആശങ്കയിലായി നിർധന കുടുംബം. ബദിയടുക്ക പഞ്ചായത്ത് 13ാം വാർഡ് കന്യപ്പാടിക്ക് സമീപം തൽപ്പനാജെയിലെ പട്ടികജാതി കുടുംബമായ ശാന്തിയുടെ വീടാണ് ശനിയാഴ്ച പുലർച്ച രണ്ടോടെ പൂർണമായും നിലംപൊത്തിയത്. മകൻ രാജേഷ്, ഭാര്യ പ്രസന്നകുമാരി, മൂന്നു വയസ്സുള്ള കുട്ടിയും കിടന്നുറങ്ങുന്ന സമയത്താണ് കിടപ്പാടം അപകടത്തിൽപെട്ടത്.
ശബ്ദംകേട്ട് വാതിൽ തുറന്ന് പുറത്തോടിയതിനാൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇനിയെന്താണ് വഴിയെന്നറിയാതെ കണ്ണുനീരിലാണ് കുടുംബം. 25 വർഷം മുമ്പ് സർക്കാർസഹായമായി ലഭിച്ച അമ്പതിനായിരം രൂപകൊണ്ട് നിർമിച്ച വീടാണ് ഇല്ലാതായത്. സർക്കാറിന്റെ ലൈഫ് മിഷനിലും ബന്ധപ്പെട്ട വകുപ്പിലും അപേക്ഷ നൽകിയെങ്കിലും പുതിയ വീടിനായി വഴിതുറന്നില്ലെന്ന് വീട്ടുകാർ പറയുന്നു.
ആറ് സെന്റ് സ്ഥലമാണുള്ളത്. മകൻ കൂലിപ്പണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം തള്ളിനീക്കുന്നത്. ബന്ധപ്പെട്ട അധികാരികൾ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയിലാണ് ഈ നിർധനകുടുംബം. കിടപ്പാടത്തിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് വാർഡ് മെംബർ രവികുമാർ റായ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.