കാസർകോട്: അരിയും മണ്ണെണ്ണയും പഞ്ചസാരയുമൊക്കെ മാത്രം ലഭിച്ചിരുന്ന റേഷന്‍ കടകള്‍ ഇനി ഓര്‍മകള്‍ മാത്രമാവും. റേഷന്‍ കടയില്‍ കൂടുതല്‍ ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ- സ്റ്റോര്‍ പദ്ധതിയിലേക്ക് ജില്ലയില്‍ നിന്ന് ആദ്യഘട്ടത്തില്‍ അഞ്ച് റേഷന്‍ കടകള്‍.
വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളും ഗ്യാസും ബാങ്കിങ്, അക്ഷയ സേവനങ്ങളുമൊക്കെ ഇനി മുതല്‍ കെ-സ്റ്റോറിലൂടെ ലഭിക്കും. മില്‍മ ഉൽപന്നങ്ങളും അഞ്ച് കിലോയുടെ ചോട്ടു ഗ്യാസും സപ്ലൈകോയുടെയും ശബരിയുടെയും വിവിധ ഉൽപന്നങ്ങളും ബാങ്കിങ് സേവനങ്ങളും തുടങ്ങി എല്ലാം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഇടങ്ങളായി കെ-സ്റ്റോറുകള്‍ മാറും.
ഹോസ്ദുര്‍ഗ് താലൂക്കില്‍ മൂന്നും വെള്ളരിക്കുണ്ട് താലൂക്കില്‍ രണ്ടും റേഷന്‍ കടകളാണ് കെ- സ്റ്റോറുകളാവുന്നത്. ഹോസ്ദുര്‍ഗ് താലൂക്കില്‍ വലിയപറമ്പ, കൂട്ടപ്പുന്ന, ആയമ്പാറ എന്നീ റേഷന്‍കടകളും വെള്ളരിക്കുണ്ട് താലൂക്കില്‍ പൂങ്ങോട്, പേരിയ എന്നീ റേഷന്‍ കടകളും സേവനത്തില്‍ ഇനി ഹൈടെക്കാവും.
കെ-സ്റ്റോറുകളാവുന്ന ജില്ലയിലെ അഞ്ച് റേഷന്‍ കടകളുടെ ഉദ്ഘാടനം വെളളിയാഴ്ച നടക്കും. വലിയപറമ്പ് , പൂങ്ങോട് കെ- സ്റ്റോറുകളുടെ ഉദ്ഘാടനം എം. രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിക്കും.
വലിയപറമ്പ രാവിലെ 11നും പൂങ്ങോട് ഉച്ചക്ക് രണ്ടിനും ഉദ്ഘാടനം ചെയ്യും. പള്ളിക്കര പഞ്ചായത്തിലെ കൂട്ടപ്പുന്ന കെ- സ്റ്റോര്‍ വൈകീട്ട് നാലിനും ആയമ്പാറ കെ- സ്റ്റോര്‍ വൈകീട്ട് അഞ്ചിനും സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കോടോം -ബേളൂര്‍ പഞ്ചായത്തിലെ പേരിയ കെ-സ്റ്റോര്‍ വൈകീട്ട് അഞ്ചിന് ഇ. ചന്ദ്രശേഖരന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.