വിദ്യാനഗർ: പച്ചത്തേങ്ങ കിലോക്ക് 34 രൂപ നിരക്കിൽ വെള്ളിയാഴ്ച മുതൽ സംഭരിക്കും. കാസർകോട്ടെ പൊതുവിപണിയിൽ ചൊവ്വാഴ്ചത്തെ വില 20 മുതൽ 22 രൂപ വരെയാണ്. 100 ടൺവരെ സംഭരിക്കാവുന്ന കേന്ദ്രം വിദ്യാനഗർ നെലക്കള റോഡിൽ കാസർകോട് കോഓപറേറ്റിവ് മാർക്കറ്റിങ് സൊസൈറ്റി ഒരുക്കിയിട്ടുണ്ട്. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് തേങ്ങ സംഭരിക്കുക. വ്യാഴാഴ്ച ഉദ്ഘാടനം നടത്താനാണ് നിശ്ചയിച്ചിരുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
ജില്ലയിൽ നിലവിൽ ഏഴു കേന്ദ്രങ്ങളിൽ മാത്രമാണ് സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നത്. സംഭരിക്കുന്ന സംഘങ്ങൾക്ക് നിലവിൽ കൈകാര്യച്ചെലവുപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് സംഭരണത്തിന് തയാറാകാത്തത്. കൃഷി ഭവനുകൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് തേങ്ങ സംഭരിക്കുന്നത്. ഇത് ഉൽപാദനത്തേക്കാൾ കുറവായതിനാൽ മുഴുവൻ തേങ്ങയും നൽകാൻ കഴിയുന്നില്ലെന്ന പരാതിയും കർഷകർക്കുണ്ട്. സംഭരിക്കുന്ന തേങ്ങയുടെ വില കർഷകർക്ക് കേരഫെഡ് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. സംഭരണം ആഴ്ചയിൽ രണ്ടു ദിവസമെന്നത് നാലു ദിവസമെങ്കിലും വേണമെന്നും കർഷക സംഘടനകൾ ആവശ്യപ്പടുന്നു.
കാസർകോട്, മഞ്ചേശ്വരം ബ്ലോക്കിൽ നാളിതുവരെ സംഭരണം തുടങ്ങാത്ത സാഹചര്യത്തിൽ മൊത്തം ഉൽപാദനത്തിന്റെ ആറിലൊന്ന് മാത്രമേ ഒരു തവണ നൽകാൻ കഴിയുള്ളൂവെന്ന നിർദേശവും കർഷകക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.
വിലയിടിവിനെത്തുടർന്ന് നാളികേരം വിൽപന നടത്താതെ സൂക്ഷിച്ചുവെച്ചിട്ടുള്ള കർഷകരും ഇരു ബ്ലോക്കുകളിലുമുണ്ട്. വിലയിടിവിനെ തുടർന്ന് പ്രയാസം നേരിടുന്ന കേര കർഷകർക്ക് ആശ്വാസം പകരുന്ന താങ്ങുവില പദ്ധതി പ്രകാരമുള്ള കാസർകോട്, മഞ്ചേശ്വരം ബ്ലോക്കുകളിലെ പച്ചേത്തങ്ങ സംഭരണത്തിന് വെള്ളിയാഴ്ച തുടക്കമാകും. കൃഷി വകുപ്പ് കേരഫെഡ് മുഖേന നടപ്പാക്കുന്ന സംഭരണത്തിന് ഇരു ബ്ലോക്കുകളിലും സൗകര്യമില്ലാത്തത് കർഷകർക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.
ജൂൺ 16ന് നടന്ന കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇരു ബ്ലോക്കുകളിലും പച്ചത്തേങ്ങ സംഭരണം തുടങ്ങുന്നതിന് കലക്ടർ കർശനനിദേശം നൽകിയിരുന്നു. സംഭരണത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കലക്ടർ കെ. ഇമ്പശേഖർ നിർവഹിക്കും. കെ.സി.എം.പി സൊസൈറ്റി പ്രസിഡന്റ് കെ.വി. ഗോപാലൻ അധ്യക്ഷനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.