കാസർകോട്: വേനലിൽ ജലസംരക്ഷണത്തിന് ഇനി റബർ ചെക്ഡാമും. കനം കൂടിയ റബർഷീറ്റ് കോൺക്രീറ്റിൽ ഘടിപ്പിച്ച് അതിലേക്ക് ജലം പമ്പുചെയ്താണ് ഡാം ഒരുക്കുന്നത്. 48 ലക്ഷം രൂപ ചെലവിൽ കാസർകോട് പനത്തടി ഗ്രാമ പഞ്ചായത്തിലെ മാനടുക്കം എരിഞ്ഞിലംകോട് തിമ്മംചാലിൽ റബർ ഡാമിെൻറ നിർമാണം പൂർത്തിയായി. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർചിെൻറ സാങ്കേതിക സഹായത്തോടെ ചെറുകിട ജലസേചന വകുപ്പാണ് നിർമാണം നടത്തിയത്.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ റബർ ചെക്ഡാമാണിതെന്ന് കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി. രാജ്മോഹൻ പറഞ്ഞു. കുറഞ്ഞ സമയത്തിനകം ജലസംഭരണം സാധ്യമാകുമെന്നതാണ് റബർ ഡാമുകൊണ്ടുള്ള പ്രയോജനം. റബർഷീറ്റിലുള്ള ജലം പുറത്തേക്ക് ഒഴുക്കിവിട്ടുകഴിഞ്ഞാൽ പുഴയിലെ ഒഴുക്ക് സാധാരണ നിലയിലാകും. വളരെ പെട്ടെന്ന് വെള്ളം തടഞ്ഞു നിർത്താനാവുകയും ഡാമിൽ ചളിയും മണലും അടിഞ്ഞുകൂടില്ല എന്നുള്ളതും താരതമ്യേന കുറഞ്ഞ ചെലവിൽ നിർമിക്കാം എന്നതുമാണ് റബർ ഡാമിെൻറ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
മരപ്പലകകളും മണ്ണും ഉപയോഗിച്ചാണ് സാധാരണ ചെക്ഡാമുകൾ നിർമിക്കുക. മഴയെത്തുന്നതുവരെയാണ് ഇത്തരം ഡാമുകളുടെ ആവശ്യം. ജില്ലയിൽ മഞ്ചേശ്വരം, പിലിക്കോട്, ചീമേനി എന്നിവിടങ്ങളിലായി നാല് റബർ ചെക്ഡാമുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. ചെറുകിട ജലസേചന വിഭാഗം എക്സി. എൻജിനീയർ പി.ടി. സഞ്ജീവ്, അസി.എക്സി. എൻജിനീയർ സുധാകരൻ, അസി. എൻജിനീയർ അഖിൽ മധുസൂദനൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.