കാസർകോട്: വനിത ശിശുവികസന വകുപ്പിന് കീഴിലെ ജില്ലയിലെ ആദ്യ സ്മാർട്ട് അംഗൻവാടി വ്യാഴാഴ്ച തുറക്കും. കാസർകോട് വികസന പാക്കേജ്, വനിത ശിശു വികസന വകുപ്പ്, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് എന്നിവ സംയുക്തമായി നിർമിച്ച ബാലനടുക്കം സ്മാർട്ട് അംഗൻവാടിയുടെ കെട്ടിടോദ്ഘാടനം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. സ്മാർട്ട് അംഗൻവാടി പദ്ധതിയിൽ ഉൾപ്പെടുത്തി 42.9 ലക്ഷം രൂപ ചെലവിലാണ് കെട്ടിടനിർമാണം പൂർത്തീകരിച്ചത്. വനിത ശിശുവികസന വകുപ്പിന് കീഴിൽ ജില്ലയിൽ 30 സ്മാർട്ട് അംഗൻവാടികൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.അംഗൻവാടികളിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുട്ടികളുടെ സമഗ്രമായ ശാരീരിക മാനസിക വികാസം ഉറപ്പുവരുത്തും വിധമാണ് സ്മാർട്ട് അംഗൻവാടികളുടെ രൂപകൽപനയും പ്രവർത്തനവും. കെട്ടിടത്തിനുള്ള സ്ഥല ലഭ്യതയനുസരിച്ചാണ് മാതൃകയും സൗകര്യങ്ങളും ഒരുക്കുന്നത്. ബാലനടുക്കം സ്മാർട്ട് അംഗൻവാടിയുടെ കെട്ടിടം 10 സെൻറ് സ്ഥലത്താണ് ഒരുക്കിയിട്ടുള്ളത്. ശിശു സൗഹൃദ കസേര, പഠനമുറി, വിശ്രമ മുറി, അടുക്കള, സ്റ്റോർറൂം, ഇൻഡോർ ഔട്ട് ഡോർ കളിസ്ഥലം, ടി.വി, ശിശു സൗഹൃദ അന്തരീക്ഷം, പൂന്തോട്ടം തുടങ്ങി കുട്ടികളെ ആകർഷിക്കുന്ന മാതൃകയിലാണ് അംഗൻവാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.