കാസർകോട്: എസ്.എസ്.എൽ.സി പരീക്ഷഫലം വന്നപ്പോൾ ജില്ലയിൽനിന്ന് 134 വിദ്യാലയങ്ങൾക്ക് നൂറുമേനിയുടെ തിളക്കം. കഴിഞ്ഞതവണ ഇത് 144 ആയിരുന്നു. 2023ൽ 45 സർക്കാർ സ്കൂളാണ് നൂറുമേനി നേിയതെങ്കിൽ ഇന്ന് 79 സർക്കാർ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിനർഹരായി.
79 സർക്കാർ സ്കൂളും 29 എയ്ഡഡും 26 അൺഎയ്ഡഡും സ്കൂളുകളുമടക്കം 134 സ്കൂളാണ് ഇത്തവണ നൂറു ശതമാനം കരസ്ഥമാക്കിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി എല്ലാവരെയും വിജയിപ്പിച്ച സർക്കാർ സ്കൂൾ ഇത്തവണയും ചെർക്കള സെൻട്രലാണ്. ഇവിടെ പരീക്ഷ എഴുതിയ 281 പേരും വിജയിച്ചു. തൊട്ടുപിന്നിൽ 273 പേരെ വിജയിപ്പിച്ച് ജി.എച്ച്.എസ്.എസ് ഉദിനൂരുമുണ്ട്.
ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതിയ സർക്കാർ സ്കൂൾ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളാണ്. ഇവിടെ 11 പേർ പരീക്ഷ എഴുതിയതിൽ 11 പേരും ഉന്നതപഠനത്തിനർഹരായി. 563 പേരെ വിജയിപ്പിച്ച് എയ്ഡഡ് മേഖലയിൽ സി.എച്ച്.എസ്.എസ് ചട്ടഞ്ചാലും 512 പേർ ഉന്നതപഠനത്തിനർഹരായി എൻ.എച്ച്.എസ് പെർഡാലയും മുന്നിലെത്തി.
എയ്ഡഡ് വിഭാഗത്തിൽ ഏറ്റവും കുറവ് പരീക്ഷ എഴുതിയ സ്കൂൾ എച്ച്.എച്ച്.എസ്.ഐ.ബി.എസ്.എച്ച്.എസ്.എസ് എടനീർ ആണ്. 19 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതി നൂറു ശതമാനം നേടിയത്. അൺ എയ്ഡഡ് മേഖലയിൽ 181 പേരെ പരീക്ഷക്കിരുത്തി മുഹിമ്മാത്ത് എച്ച്.എസ്.എസ് മുഹിമ്മാത്ത് നഗർ നൂറുമേനി സ്കൂളിൽ ഇടംപിടിച്ചു. കുറവ് പരീക്ഷ എഴുതിയത് അഞ്ചുപേർ പരീക്ഷ എഴുതിയ ശ്രീഭാരതി വിദ്യാപീഠ മുജുങ്കാവ് സ്കൂളാണ്.
കാസർകോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 99.64ശതമാനം വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അർഹത. കഴിഞ്ഞ വർഷം ഇത് 99.82ശതമാനമായിരുന്നു. താരതമ്യേന കുറവാണ് ഇത്തവണ ശതമാനം. 20457 വിദ്യാർഥികൾ പരീക്ഷയെഴുതിയ ജില്ലയിൽ 20473പേരാണ് ഉപരിപഠനത്തിന് പോകുക.
ഇതിൽ 10649 ആൺകുട്ടികളും 9824 പെൺകുട്ടികളും ഉൾപ്പെടും. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 11434പേരും കാഞ്ഞങ്ങാട് 9039പേരും ഉണ്ട്. കാസർകോട് 99.38ശതമാനവും കാഞ്ഞങ്ങാട് 99.97ശതമാനവുമാണ് വിജയം. ജില്ലയിൽ 2910 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടി. ഇതിൽ 1019ആൺകുട്ടികളും 1891 പെൺകുട്ടികളുമുണ്ട്.
പെൺകുട്ടികളാണ് മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടിയതിൽ മുന്നിട്ടുനിൽക്കുന്നത്. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 1127കുട്ടികളും കാഞ്ഞങ്ങാട് 1783 കുട്ടികളും മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജില്ലയിൽ പരീക്ഷ എഴുതിയ 19501 വിദ്യാർഥികളിൽ 19466 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. ഇതിൽ 10066 ആൺകുട്ടികളും 9400 പെൺകുട്ടികളുമാണ്. ഇത്തവണ ജില്ലയിൽ എയ്ഡഡ് സ്കൂളുകളിൽ ഏറ്റവും വലിയ നൂറുമേനി ചട്ടഞ്ചാൽ ഹയർസെക്കൻഡറിക്കാണ്. 563കുട്ടികൾ പരീക്ഷയെഴുതിയതിൽ മുഴുവൻ പേരെയും വിജയിപ്പിക്കാനായി.
നൂറുമേനിയിൽ അൺ എയ്ഡഡ് വിഭാഗത്തിൽ ഏറ്റവും മുന്നിൽ 181 കുട്ടികളെ പരീക്ഷക്ക് ഇരുത്തിയ മുഹിമാത്ത് ഹയർസെക്കൻഡറി സ്കൂളാണ്.
നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലും നീലേശ്വരം നഗരസഭ പരിധിയിലേയും സ്കൂളുകൾ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ചത് നാടിന് അഭിമാനമായി. കോട്ടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു.
നീലേശ്വരം രാജാസ് ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 315 വിദ്യാർഥികളും വിജയിച്ചു. 49 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കരിന്തളം കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 72 വിദ്യാർഥികളും വിജയിച്ചു. ഒമ്പത് വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 260 വിദ്യാർഥികളും വിജയിച്ചു. 79 വിദ്യാർഥികൾ എ പ്ലസ് നേടി.
നീലേശ്വരം നഗരസഭയിലെ നൂറു ശതമാനം വിജയം നേടിയ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടപ്പുറം, സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെയും വിജയം നേടാൻ സഹായിച്ച അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ എന്നിവരെയും നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. ഭാർഗവി എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.