തെരുവുനായ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം

തെരുവുനായ് വാക്സിനേഷന് സ്റ്റാര്‍ട്ട് പദ്ധതി

കാസർകോട്: തെരുവുനായ് വാക്സിനേഷന് ജില്ല തലത്തില്‍ പ്രത്യേക ടീമിനെ രൂപവത്കരിക്കുന്നു. സ്പെഷല്‍ ട്രെയിനിങ് ഫോര്‍ ആനിമല്‍ റെസ്‌ക്യൂ ടീം (സ്റ്റാര്‍ട്ട് ) പദ്ധതിക്ക് കീഴില്‍ മിഷന്‍ വാരിയേഴ്സ് എന്ന പേരില്‍ വളന്റിയർമാരെ അണിനിരത്തും.

തെരുവുനായ്ക്കളുടെ വാക്സിനേഷന്‍ ചര്‍ച്ച ചെയ്യാന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തെരുവുനായ്ക്കള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള ടീമില്‍ ഉള്‍പ്പെടാന്‍ താല്‍പര്യമുള്ളവര്‍ക്കായി അപേക്ഷ ക്ഷണിക്കും.

അതത് പഞ്ചായത്തിലെ സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ അപേക്ഷ നല്‍കണം. വളന്റിയർമാർക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഏര്‍പ്പെടുത്തും. തുടര്‍ന്ന് ജില്ല അടിസ്ഥാനത്തില്‍ യോഗ്യരായവരെ തിരഞ്ഞെടുക്കും. സെപ്റ്റംബര്‍ 30നുള്ളില്‍ അപേക്ഷ സ്വീകരിച്ച് ഒക്ടോബര്‍ പത്തിനുള്ളില്‍ ഇവര്‍ക്കുള്ള പരിശീലനം നടത്തും.

കണ്ണൂരിലുള്ള ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിലായിരിക്കും പരിശീലനം. വാക്സിന്‍ നല്‍കുന്നതിനുള്ള പരിശീലനം നല്‍കി കഴിഞ്ഞാല്‍ ഇവരെ പഞ്ചായത്തുകളിലേക്ക് വിന്യസിക്കും. ഇവര്‍ക്കുള്ള വാഹനം, ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍, മരുന്നുകള്‍, യൂനിഫോം, തിരിച്ചറിയല്‍ കാര്‍ഡ്, അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവ ജില്ല പഞ്ചായത്ത് നല്‍കും.

ഒരു നായെ പിടിച്ച് വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിക്കുന്നതിന് വളന്റിയര്‍ക്ക് അഞ്ഞൂറ് രൂപ ലഭിക്കും. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും.തെരുവുനായ്ക്കൾക്ക് ഭക്ഷണം ലഭ്യമാക്കാന്‍ കമ്യൂണിറ്റി കിച്ചണ്‍ മാതൃക പഞ്ചായത്ത് തലത്തില്‍ പരീക്ഷിക്കും.

പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും വീടുകളിലും അവശേഷിക്കുന്ന ഭക്ഷണം ശേഖരിച്ച് ഇവക്ക് നല്‍കും. ഇത് ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ യോഗം വിളിക്കാനും തീരുമാനിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ.ബി. സുരേഷ്, ജില്ല പഞ്ചായത്ത് ഫിനാന്‍സ് ഓഫിസര്‍ എ. അഷ്റഫ്, ജില്ല മൃഗസംരക്ഷണ ഓഫിസ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എ. മുരളീധരന്‍, വെറ്ററിനറി സര്‍ജന്‍ ഡോ. ബി.കെ. പ്രമോദ്, ഡി.ഡി.പി. ജൂനിയര്‍ സൂപ്രണ്ട് പി.വി. ഭാസ്‌കരന്‍, മൃഗസ്നേഹികളായ കെ. സൂസി മോള്‍, ജ്യോതി സ്മിത, കിഷന്‍ ശര്‍മ, മര്‍ച്ചന്റ് യൂത്ത് വിങ് ജില്ല പ്രസിഡന്റ് നിസാര്‍, വ്യാപാരികളായ എ.എസ്. പര്‍വീസ്, ജില്ലാ പഞ്ചായത്ത് പ്രോജക്ട് അസിസ്റ്റന്റ് ബി.കെ. പ്രജീഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Start scheme for street dog vaccination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.