കാസർകോട്: ഹയർസെക്കൻഡറിയിൽ ഉന്നത വിജയം നേടിയ കാസർകോട് ജില്ലയിലുള്ളവർക്ക് ബിരുദത്തിന് പഠിക്കാൻ ആവശ്യമായ സീറ്റില്ല.ഹയർ സെക്കൻഡറി യോഗ്യത നേടിയ ജില്ലയിലെ പകുതിയോളം കുട്ടികളും ബിരുദ സീറ്റില്ലാതെ പുറത്താവും.പതിവുപോലെ കർണാടകയിലെ കോളജുകളിലേക്ക് ചേക്കേറേണ്ട സ്ഥിതിയാണ് ഇത്തവണയും. കാലങ്ങളായി തുടരുന്ന അവഗണനയിൽ ജില്ലയിലെ ജനപ്രതിനിധികളും നിസ്സഹായതയിലാണ്.
ഹയർ സെക്കൻഡറിയിൽ 82.64 ശതമാനം ജയമാണ് ഇത്തവണ ജില്ലയിലെ കുട്ടികൾ നേടിയത്. പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഓപൺ സ്കൂൾ വിഭാഗത്തിലായി 13, 402 പേരാണ് ഹയർസെക്കൻഡറി പരീക്ഷ ജയിച്ചത്. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് കോളജുകളിലായി ആകെയുള്ളത് 7320 സീറ്റാണ്. ഹയർസെക്കൻഡറി യോഗ്യത നേടിയ 6082 പേർക്കും ജില്ലയിൽ ബിരുദപഠനത്തിന് സൗകര്യമില്ല. ഹയർസെക്കൻഡറി യോഗ്യത നേടിയ ഇത്രയും പേർക്ക് ഉന്നത പഠനസൗകര്യമില്ലാത്ത മറ്റൊരു ജില്ല സംസ്ഥാനത്ത് അപൂർവമാണ്. അൺ എയ്ഡഡ് കോളജിലെ മാനേജ്മെൻറ് സീറ്റ് ഉൾപ്പെടെയാണ് ഈ സീറ്റ് എന്നതാണ് ഏറെ ആശ്ചര്യകരം.
ജില്ലയിൽ സർക്കാർ, എയ്ഡഡ് മേഖലയിൽ എട്ട് കോളജുകളാണ് ആകെയുള്ളത്.2082 സീറ്റാണ് ഈ എട്ടുകോളജുകളിലായി ആകെയുള്ളത്. അൺ എയ്ഡഡ് മേഖലയിൽ 19 ആർട്സ് ആൻഡ് സയൻസ് കോളജുകളിലായി 5238 സീറ്റാണുള്ളത്.ഇതിൽ പകുതിയും മാനേജ്മെൻറ് സീറ്റാണ്.ജില്ലയിലെ 106 ഹയർസെക്കൻഡറി സ്കൂളുകളിലായി 1286 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരാണ്. മെഡിക്കൽ, എൻജിനീയറിങ് സീറ്റുകൾ ലഭിക്കാത്ത എല്ലാവരും ബിരുദ സീറ്റുകൾ തന്നെയാണ് കൂടുതലും ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.