മൊഗ്രാൽ: ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് പാലക്കാട് സതേൺ ഡിവിഷനൽ റെയിൽവേ മാനേജർക്ക് ശിപാർശ നൽകി മനുഷ്യാവകാശ കമീഷന് നൽകിയ പരാതി തീർപ്പാക്കി. ഒരു മുന്നറിയിപ്പുമില്ലാതെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ജനുവരി 10ന് മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദിന് മുൻവശം, മൊഗ്രാൽ മീലാദ് നഗർ എന്നിവിടങ്ങളിൽ പാളം മുറിച്ചുകടക്കുന്നത് തടഞ്ഞ റെയിൽവേ നടപടിയിൽ ഇടപെടൽ ആവശ്യപ്പെട്ടാണ് മൊഗ്രാൽ ദേശീയവേദി മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
മൊഗ്രാൽ പടിഞ്ഞാർ പ്രദേശത്തുള്ള നൂറുകണക്കിന് വിദ്യാർഥികൾക്ക് പ്രയാസമുണ്ടാക്കുന്നതായിരുന്നു റെയിൽവേയുടെ പെട്ടെന്നുള്ള നടപടി. ഒപ്പം, 2500ലേറെ മഹല്ലുകൾ ഉൾപ്പെടുന്ന മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദിലേക്ക് മയ്യിത്ത് കൊണ്ടുപോകാനും റെയിൽവേയുടെ അടച്ചിടൽ നടപടി ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. ഈ വിഷയങ്ങളൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു ദേശീയവേദി മനുഷ്യാവകാശ കമീഷന് പരാതി നൽകിയിരുന്നത്.
ജനപ്രതിനിധികൾ വഴി റെയിൽവേ അധികൃതർക്ക് അടച്ചിടൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനവും നൽകിയിരുന്നു. മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ്, നാങ്കി ജുമാമസ്ജിദ്, മീലാദ് നഗർ എന്നിവിടങ്ങളിൽ മറ്റു മാർഗമില്ലാതെ പാളം മുറിച്ചുകടന്നുവേണം പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും സ്കൂളിലും മദ്റസയിലും ടൗണിലും പോകാൻ.
ഒന്നര കിലോമീറ്റർ ദൂരമുള്ള കൊപ്പളം അടിപ്പാതയെ ആശ്രയിക്കണമെന്നായിരുന്നു റെയിൽവേയുടെ നിർദേശം. ഇത് വിദ്യാർഥികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന നിർദേശമാണെന്ന് മൊഗ്രാൽ ദേശീയവേദി പരാതിയിൽ പറഞ്ഞിരുന്നു. പരിഹാരമായി പ്രസ്തുത സ്ഥലങ്ങളിൽ ട്രാക്കിന് അടിയിലൂടെ നടന്നുപോകാനുള്ള കലുങ്ക് രൂപത്തിലുള്ള നടപ്പാത അനുവദിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇതിനാണ് ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ റെയിൽവേക്ക് ശിപാർശ നൽകി മനുഷ്യാവകാശ കമീഷൻ പരാതി തീർപ്പാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.