വലിയപറമ്പ്: ഗ്രാമപഞ്ചായത്തിലെ ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ ലൈന്‍ പ്രവൃത്തിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കി. തയ്യില്‍ നോര്‍ത്ത് സ്കൂള്‍ മുതല്‍ സൗത്ത് വരെ മൂന്നു കിലോമീറ്റര്‍ ദൂരത്തിലാണ് കേബിളിട്ടത്. മുകളില്‍കൂടി കടന്നുപോവുന്ന ഓവര്‍ ഹെഡ് 11 കെ.വി ലൈനിന് പകരമാണ് ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നത്. ഊര്‍ജ കേരള മിഷന്റെ ഭാഗമായി കെ.എസ്.ഇ.ബി ഏറ്റെടുത്തിട്ടുള്ള അഞ്ചു പദ്ധതികളില്‍ ഒന്നായ ദ്വിദിയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. തൃക്കരിപ്പൂര്‍ കെ.എസ്.ഇ.ബി സെക്ഷന്‍ തനത് ഫണ്ടില്‍നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
തൃക്കരിപ്പൂര്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട വലിയപറമ്പ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി തടസ്സം നേരിടുന്ന തെക്കന്‍മേഖല മുഴുവനായും കേബിള്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ആദ്യപടിയാണ് ഇതോടെ പൂര്‍ത്തിയായത്. തുടര്‍ന്നുള്ള വാര്‍ഷിക പദ്ധതിയില്‍ ശേഷിക്കുന്ന ഭാഗത്തുകൂടി കേബിള്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ മേഖലയിലെ വൈദ്യുതി തടസ്സത്തിന് ശാശ്വത പരിഹാരമാവും. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാന് കെ. മനോഹരന് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയര്പേഴ്സൻ ഇ.കെ. മല്ലിക, പഞ്ചായത്ത് അംഗം എം. അബ്ദുല്‍ സലാം, സി. ദേവരാജന്‍, കെ.പി. ബാലന്, കെ.വി. രാമചന്ദ്രന്, കെ. ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.