മൊഗ്രാൽ: മൊഗ്രാൽ ഷാഫി ജുമാമസ്ജിദിനടുത്തുള്ള സർവിസ് റോഡിൽ വേഗത കുറക്കാൻ ഇട്ട ഹംപിൽ തട്ടിയുള്ള ബൈക്ക് അപകടങ്ങൾ വർധിക്കുന്നു. ഹംപ് കാണാൻ കഴിയാത്തതാണ് കാരണം. വിഷയം പലപ്രാവശ്യവും കുമ്പള ദേശീയപാത കരാറുകാരായ യു.എൽ.സി.സി അധികൃതരെ വിവരമറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ദിവസേന രാത്രി ഇവിടെ അപകടം പതിവാണെന്ന് സമീപവാസികളും പറയുന്നു. നിലവിളി കേട്ടാണ് സമീപത്തെ താമസക്കാർ ഓടിയെത്തുന്നത്. ചോരയൊലിച്ചു കിടക്കുന്ന പലരെയും തൊട്ടടുത്ത പള്ളിയിൽ കൊണ്ടുപോയി വൃത്തിയാക്കി ആശുപത്രിയിലേക്ക് പറഞ്ഞയക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഹംപ് സംവിധാനം ഇവിടെ ഉണ്ടെന്നു മനസ്സിലാക്കാൻ രാത്രികാലങ്ങളിൽ ഇരുചക്ര വാഹനക്കാർക്ക് കഴിയുന്നില്ല. ഉയരമേറിയ ഹംപ് കൂടിയാണ് ഇത്. ഇവിടെ സിഗ്നൽ സംവിധാനമില്ലാത്തതും അപകടത്തിന് കാരണമാകുന്നു. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് കുമ്പള ഗ്രാമപഞ്ചായത്ത് അംഗവും വാർഡ് മെംബറുമായ അബ്ദുൽ റിയാസ് മൊഗ്രാൽ കുമ്പള യു.എൽ.സി.സി മാനേജറെ സമീപിച്ചിട്ടുണ്ട്. അപകടം ഒഴിവാക്കാൻ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.