കാസർകോട് അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് ട്രെയിൻ ഗതാഗതത്തിലെ പോരായ്മകൾ. യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ട്. സ്റ്റേഷനുകളിൽനിന്ന് അത്യാവശ്യം വരുമാനവുമുണ്ട്. വികസനത്തിന് റെയിൽവേയുടെ സ്വന്തം ഭൂമിയുമുണ്ട്. എന്നിട്ടും പുതിയ ട്രെയിനുകൾ അനുവദിക്കുന്നില്ലെന്ന് മാത്രമല്ല, ഉള്ളതും നിർത്തിയതായാണ് അനുഭവം. ഇനി ജില്ലയുടെ ആവശ്യം അംഗീകരിച്ച് ദക്ഷിണ റെയിൽവേ റിപ്പോർട്ട് നൽകിയാലും റെയിൽവേ ബോർഡ് സമ്മതം മൂളില്ല.
കണ്ണൂരിൽ ഒാട്ടം അവസാനിപ്പിക്കുന്ന ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ്, തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി, കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ, ഷൊർണൂർ- കണ്ണൂർ മെമു ട്രെയിനുകൾ കാസർകോേട്ടക്ക് നീട്ടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മംഗളൂരുവിൽനിന്ന് ആയിരക്കണക്കിന് വിദ്യാർഥികളാണ് എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ട്രെയിനുകളുടെ കുറവുകാരണം ഇവരെല്ലാം ടൂറിസ്റ്റ് ബസുകളെ ആശ്രയിക്കുന്നു. ദിനംപ്രതി 25ഒാളം ടൂറിസ്റ്റ് ബസുകളാണ് രാത്രി മാത്രം മംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്നത്.
വൈകീട്ട് ആറു കഴിഞ്ഞാൽ
മംഗളൂരുവിൽനിന്ന് വൈകീട്ട് 6.15ന് മലബാർ എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെ രാത്രി 11.45ന് വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് മാത്രമാണ് പ്രതിദിന ട്രെയിനായുള്ളത്. അഞ്ചര മണിക്കൂറിെൻറ വ്യത്യാസം. ദക്ഷിണ കന്നട, ഉഡുപ്പി, കാർക്കള, ഉത്തര കന്നട തുടങ്ങി വിവിധ ഭാഗങ്ങളിൽനിന്ന് കണ്ണൂർ, കാസർകോട് ഭാഗത്തേക്ക് പോവുന്ന ഒേട്ടറെപ്പേരാണ് ട്രെയിനിെൻറ കുറവു കാരണം പ്രയാസപ്പെടുന്നത്. നേരത്തേ രാത്രി ഒമ്പതിന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന പാസഞ്ചർ സർവിസ് പിന്നീട് നിർത്തി. കർണാടകയുടെ തീരദേശ മേഖലകളിൽനിന്ന് എറണാകുളത്തേക്ക് സൗകര്യപ്രദമായ സമയത്ത് എത്താൻ രാത്രിവണ്ടി പോലുമില്ല. മലബാർ എക്സ്പ്രസ് പുലർച്ച മൂന്നിന് എത്തുമ്പോൾ മറ്റു ട്രെയിനുകളെല്ലാം അതിലും അസമയത്താണ് എത്തുന്നത്.
ജനശതാബ്ദി ഇല്ല,കിട്ടിയത് നിർത്തി
ജനശതാബ്ദി എക്സ്പ്രസ്, മെമു സർവിസ് ഇല്ലാത്ത പ്രദേശമാണ് കാസർകോട്. മംഗളൂരുവിനും കണ്ണൂരിനുമിടയിൽ അധിക പാസഞ്ചർ വേണമെന്ന ആവശ്യം നേരത്തേ റെയിൽവേ മന്ത്രി തത്ത്വത്തിൽ അംഗീകരിച്ചിരുെന്നങ്കിലും യാഥാർഥ്യമായില്ല. സദാനന്ദ ഗൗഡ കേന്ദ്ര റെയിൽവേ മന്ത്രിയായ വേളയിൽ മൂകാംബികയിൽനിന്ന് കാസർകോേട്ടക്ക് പാസഞ്ചർ അനുവദിച്ചിരുന്നു. പിന്നീടത് കണ്ണൂരിലേക്ക് നീട്ടുകയും ചെയ്തു. യാത്രക്കാർക്ക് സൗകര്യപ്രദമല്ലാത്ത സമയക്രമമായതിനാൽ ആളില്ലെന്ന കാരണം പറഞ്ഞ് ട്രെയിൻ പിന്നീട് നിർത്തി. മംഗളൂരുവിൽനിന്ന് രാമേശ്വരത്തേക്ക് ട്രെയിൻ വേണമെന്ന ആവശ്യം നേരത്തേ ദക്ഷിണ റെയിൽവേ അംഗീകരിച്ചതാണ്. മധുര, രാമേശ്വരം, പഴനി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്ക് പോകാൻ ഇതുവഴി സാധിക്കും. ദക്ഷിണ റെയിൽവേയുടെ ശിപാർശയോടെയുള്ള ഫയലിൽ റെയിൽവേ ബോർഡ് തീരുമാനമെടുത്തില്ല. ഇതിനുശേഷം എറണാകുളം- രാമേശ്വരം ട്രെയിൻ തുടങ്ങുകയും ചെയ്തു.
ഭൂമിയുണ്ട്,ഉപയോഗിക്കുന്നില്ല
കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ കാസർകോടുവരെ നീട്ടാൻ ആവശ്യപ്പെടുേമ്പാൾ റെയിൽവേ അധികൃതർ ഉന്നയിക്കുന്ന പ്രധാന പ്രശ്നം സൗകര്യക്കുറവാണ്. കാസർകോട് കുമ്പള സ്റ്റേഷനിൽ ഏകദേശം 30 ഏക്കർ ഭൂമി റെയിൽവേയുടേതായുണ്ട്. തിരുവനന്തപുരം സെൻട്രലിൽ സൗകര്യക്കുറവ് നേരിട്ടപ്പോൾ കൊച്ചുവേളി ടെർമിനൽ സ്റ്റേഷനാക്കി മാറ്റിയപോലെ കാസർകോട് അവസാനിപ്പിക്കുന്ന ട്രെയിനുകൾക്ക് കുമ്പള ഉപയോഗപ്പെടുത്താവുന്നതാണെന്ന് കുമ്പള റെയിൽ പാസഞ്ചേർസ് അസോസിയേഷൻ പ്രസിഡൻറ് നിസാർ പെറുവാഡ് മുന്നോട്ടുവെക്കുന്നു. മഞ്ചേശ്വരത്തും റെയിൽവേക്ക് ഏക്കർകണക്കിന് ഭൂമിയുണ്ട്.
പേരില്ലാവണ്ടിയും
മംഗളൂരുവിൽനിന്ന് തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്ന അഞ്ചു എക്സ്പ്രസ് ട്രെയിനുകൾ ദിനേന ഓടുന്നുണ്ട്. ഇതിൽ നാലു വണ്ടികൾക്കും പേരുണ്ട്. രണ്ടു രാത്രി വണ്ടികൾക്ക് പരശുരാമെൻറയും മാവേലിയുടെയും പേരുകളാണെങ്കിൽ മറ്റു രണ്ടു വണ്ടികൾക്ക് മലബാർ, ഏറനാട് എന്നാണു നൽകിയത്. ഉച്ചതിരിഞ്ഞു 2.20ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വണ്ടിക്കുമാത്രം പേരില്ല. ഇതിന് ചന്ദ്രഗിരി എക്സ്പ്രസെന്നു പേരിടാമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ നിർദേശിക്കുന്നു.
കാഞ്ഞങ്ങാട് -പാണത്തൂർ പാത
കാഞ്ഞങ്ങാട് മുതൽ പാണത്തൂർ വരെയുള്ള പാതക്ക് ബജറ്റ് പ്രഖ്യാപന പ്രകാരം സർവേയും നടത്തി. റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിന് മലയോര വികസന സമിതി നൽകിയ നിവേദനം പരിഗണിച്ചാണ് ഇൗ പാതക്ക് അംഗീകാരം ലഭിച്ചത്. സർവേ പൂർത്തിയാക്കി പദ്ധതി റിപ്പോർട്ട് തയാറായെങ്കിലും തുടർനടപടിയുണ്ടായില്ല. പദ്ധതിക്കായി സ്ഥലം നൽകാമെന്നും പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്നും അറിയിച്ചുകൊണ്ടുള്ള സമ്മതപത്രം സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ചിട്ടുണ്ട്. പാത യാഥാർഥ്യമായാൽ കണ്ണൂർ/കാഞ്ഞങ്ങാട് - ബംഗളൂരു ദൂരം 50 കിലോമീറ്ററെങ്കിലും കുറയും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.