മൊഗ്രാൽ: മൊഗ്രാലിലെ ക്ഷീരകർഷകരെ ദുരിതത്തിലാക്കിയുള്ള ദേശീയപാത നിർമാണത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്.
കന്നുകാലികൾക്ക് റോഡ് കടക്കാൻ മൊഗ്രാൽ ലീഗ് ഓഫിസിന് സമീപം ‘കാറ്റൽ പാസ്’ അനുവദിച്ചുതരണമെന്ന ആവശ്യം അധികൃതർ ചെവിക്കൊള്ളാത്തതിൽ പ്രതിഷേധിച്ച് നിർമാണ കമ്പനിയുടെ കുമ്പള ദേവീ നഗറിലെ യു.എൽ.സി.സി ഓഫിസിലേക്ക് മാർച്ച് ഉൾപ്പെടെ സമരപരിപാടികൾ സംഘടിപ്പിക്കാൻ നാട്ടുകാർ ഒരുങ്ങുന്നു. ‘കാറ്റൽ പാസ്’ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സന്നദ്ധ സംഘടനകളും ജനപ്രതിനിധികൾക്കും ദേശീയപാത നിർമാണ കമ്പനി അധികൃതർക്കും നിവേദനം നൽകിയിരുന്നു.
തീരുമാനമാകാത്തതിനെ തുടർന്ന് നിരന്തരമായി ഇപ്പോഴും നാട്ടുകാർ അധികൃതരെ സമീപിച്ചു കൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞദിവസം രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് വീണ്ടും നിവേദനം നൽകിയിരുന്നു.
മഞ്ചേശ്വരം താലൂക്ക് വികസനസമിതി യോഗത്തിൽ തഹസിൽദാർക്കും നിവേദനം നൽകിയിരുന്നു. ഒന്നിനും തീരുമാനമാകാതെ നിർമാണ കമ്പനി അധികൃതർ മുന്നോട്ടു പോകുന്നതാണ് നാട്ടുകാരെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. ഇതേതുടർന്നാണ് നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭപരിപാടികൾക്ക് രൂപംനൽകാൻ തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.