കാസർകോട്: ഓരോ നഗരത്തിന്റെയും സൗന്ദര്യം വൃത്തിയാണ്. ‘ശുചിത്വസുന്ദര നഗരം’ എന്നത് സർക്കാറിന്റെ ആപ്തവാക്യമായി കൊണ്ടുനടക്കുന്ന ഇക്കാലത്ത് കാസർകോട് പൊതുവേ വൃത്തി കുറവാണെന്നാണ് ജനങ്ങൾ പറയുന്നത്. ‘നമ്മുടെ മാലിന്യം, നമ്മുടെ ഉത്തരവാദിത്തം’ എന്ന് നാൾക്കുനാൾ ഉരുവിടുന്നുണ്ടെങ്കിലും ശരിയായരീതിയിൽ സംസ്കരണം ചെയ്യാൻ പറ്റുന്നില്ല എന്നതാണ് യാഥാർഥ്യം. ഇതിൽ അതത് സ്ഥലത്തെ ഭരണാധികാരികളെമാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പൊതുജനങ്ങളടക്കം ശ്രദ്ധിക്കേണ്ട വിഷയമാണിത്.
നഗരത്തിൽ അലക്ഷ്യമായി എറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും കവറുകളും കൊണ്ട് വൃത്തിഹീനമായ കാഴ്ചയാണ് എങ്ങും. ഓവുചാലുകൾ ശരിയായവിധത്തിൽ ശുചീകരിക്കുന്നിെല്ലന്നുള്ളത് മഴക്കാലത്തെ പതിവു പരാതികൾക്കിടയാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ മഴയിൽ നഗരം എളുപ്പത്തിൽ മലിനജലത്തിൽ മുങ്ങുന്ന അവസ്ഥയാണ്.
ഇത് ജില്ലയിൽ മാത്രമല്ല, പലസ്ഥലത്തും കാണുന്നുണ്ട് എന്നതുകൊണ്ട് ഇവിടത്തുകാർക്ക് ആശ്വസിക്കാം. വേസ്റ്റ് ബിന്നുകൾ നഗരത്തിൽ ആവശ്യത്തിനില്ലാത്തതും ശരിയായ രീതിയിൽ വൃത്തിയാക്കൽ നടത്തുന്നുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. ഹരിതകർമസേനയുടെ നേതൃത്വത്തിൽ കടകളിൽനിന്നും മറ്റും പ്ലാസ്റ്റിക് അടക്കം ശേഖരിക്കുന്നുണ്ടെങ്കിലും പലർക്കും ഇതിനോട് മുഖംതിരിഞ്ഞുനിൽക്കുന്ന സമീപനമാണ്.
നഗരത്തിന്റെ പലഭാഗങ്ങളിലും ചാക്കുകെട്ടുകളിലാക്കി മാലിന്യംകൊണ്ടിടുന്ന സാഹചര്യവുമുണ്ട്. മത്സ്യമാർക്കറ്റ് പരിസരത്തും കാടുപിടിച്ച നഗരത്തിന് സമീപ പറമ്പുകളിലും വ്യാപകമായി മാലിന്യംകൊണ്ടിടുന്ന കാഴ്ചയും കാണാതിരിക്കാനാവില്ല. റോഡിൽതന്നെ സാമൂഹികവരുദ്ധർ രാത്രിയിൽ കവറുകളിലാക്കി മാലിന്യംകൊണ്ടിടുന്നതും ജനങ്ങളുടെ പരാതികൾക്കിടയാക്കുന്നുണ്ട്. കൂടാതെ, മാലിന്യം അലക്ഷ്യമായി കിടക്കുന്നതുകാരണം ഞായറാഴ്ചകളിൽ പുതിയ സ്റ്റാൻഡിലേക്ക് കയറാൻപറ്റാത്ത അവസ്ഥയാണ്.
ഇവിടം ഞായറാഴ്ച അവധി ശുചിത്വത്തിനും ബാധകമാണെന്നാണ് സ്റ്റാൻഡിലെ ചില കടയുടമകളുടെ പരിഹാസം. പുതിയ സ്റ്റാൻഡ് പശുക്കളുടെ മേച്ചിൽപുറമായി മാറുന്ന അവസ്ഥയും കാസർകോട് നഗരത്തിൽ സ്ഥിരം കാഴ്ചയായി മാറുകയാണ്.
നിത്യവുമെന്നോണം പഴക്കടകളിലേയും സ്റ്റാൻഡിലെ ചെറിയ ഹോട്ടലുകളിലേയും മാലിന്യങ്ങൾ ട്രേകളിലാക്കി സ്റ്റാൻഡിൽതന്നെ വെക്കുന്നതു കാരണമാണ് ഇവർ ഇവിടം താവളമാക്കുന്നതെന്ന് ബസ് തൊഴിലാളികളും യാത്രക്കാരും ആരോപിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചാണകം ചവിട്ടിവേണം ബസിൽ കയറാൻ. സ്റ്റാൻഡിലേക്ക് കയറുമ്പോൾതന്നെ മൂക്കുപൊത്തി കയറേണ്ട അവസ്ഥയാണ്.
നഗരസഭ ശുചീകരണത്തൊഴിലാളികൾതന്നെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച മാലിന്യം തള്ളുന്നത് സ്വകാര്യവ്യക്തിയുടെ കിണറ്റിലും പറമ്പിലുമാണെന്ന ആരോപണം മുമ്പുണ്ടായിരുന്നു. പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള എം.ജി റോഡിലെ ഉള്ളിലുള്ള സാലുഗോളി പരിസരത്താണ് ഇങ്ങനെ മാലിന്യം തള്ളിയിരുന്നത്.
ഇതിനെതിരെ സ്ഥലമുടമ പരാതി പറഞ്ഞതോടെയാണ് അത് നിർത്തിയത്. നഗരം ശരിയായരീതിയിൽ വൃത്തിയാക്കുന്ന സംവിധാനമില്ലെന്നാണ് നഗരത്തിലെ കച്ചവടക്കാർ പറയുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.