കാസര്‍കോട്: ജില്ലയിലെ ടൂറിസം മേഖല നല്ല രീതിയില്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. നവകേരള സദസ്സിന്റെ രണ്ടാം ദിവസം കാസര്‍കോട് റസ്റ്റ് ഹൗസില്‍ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട അതിഥികള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയിലെ ടൂറിസം മേഖല സംസ്ഥാനത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഉള്‍പ്പെടുന്നതാണ്. മികച്ച രീതിയില്‍ തന്നെ അവ മെച്ചപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകും.
വിദ്യാര്‍ഥികള്‍ പഠനത്തിനായി വിദേശത്ത് പോകുന്നതില്‍ അത്ര വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകം ഇന്ന് ഉള്ളംകൈയിലാണ്. വിദ്യാർഥികള്‍ പുറത്തുപോകുന്നത് കേരളം മാത്രമല്ല മിക്ക സംസ്ഥാനങ്ങളും നേരിടുന്ന പ്രശ്നമാണിത്.
നമുക്ക് ചെയ്യാനുള്ളത് നമ്മുടെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുക എന്നുള്ളതാണ്. ആധുനികമായ കോഴ്സുകളും മെച്ചപ്പെട്ട സൗകര്യങ്ങളും മറ്റും ഉറപ്പാക്കിയാല്‍ കുട്ടികള്‍ ഇവിടെ പഠിക്കും. ഇത് മാത്രമല്ല മറ്റു സ്ഥലത്തെ കുട്ടികളും ഇങ്ങോട്ടേക്ക് വരും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് എച്ച്.എ. എല്ലിന്റെ ഏറ്റടുത്ത ഭൂമിയില്‍ ഭാവിയില്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സഹായം കൂടി ഉണ്ടാവേണ്ടതുണ്ട്.
ജില്ലയില്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ ഇല്ലാത്ത പ്രശ്നം പരിഹരിക്കും. നമ്മുടെ വിദ്യാര്‍ഥികള്‍ ദേശീയ തലത്തില്‍ ഇന്റര്‍വ്യൂവില്‍ പിന്തള്ളപ്പെട്ടുപോകുന്ന അവസ്ഥയുണ്ട്. അത് മനസ്സിലാക്കി ഇന്റര്‍വ്യൂവില്‍ മികവ് പ്രകടിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രഭാതഭക്ഷണത്തിന് മുഖ്യമന്ത്രിക്കൊപ്പം ചിന്മയാനന്ദ മിഷന് കേരള റീജനല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി, കാസര്‍കോട് ചെര്‍ക്കള മാര്‍ത്തോമ ബധിര വിദ്യാലയത്തിലെ അഡ്മിനിസ്ട്രേറ്റര്‍ ഫാദര്‍ മാത്യു ബേബി, കേരള മുസ് ലിം ജമാഅത്തിനെ പ്രതിനിധീകരിച്ച് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, റിട്ട ഐ.എ.എസ് ഓഫിസറും കാസര്‍കോട് സ്വദേശിനിയുമായ ഡോ. പി.കെ. ജയശ്രീ, വ്യവസായ പ്രമുഖനായ എന്‍.എ. അബൂബക്കര്‍ ഹാജി, ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ ഉണ്ടായിരുന്നു.
കൃഷി, തദ്ദേശ സ്വയംഭരണം, സഹകരണം എന്നീ വകുപ്പുകളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിയാല്‍ വലിയ മാറ്റങ്ങള്‍ സാധ്യമാകും എന്ന് ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
28 പേരാണ് അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുഖ്യമന്ത്രിയുമായി നേരില്‍ പങ്കുവെച്ചത്. ഇവരില്‍ എഴുത്തുകാരന് ഇ.പി. രാജഗോപാലന്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ പി.ടി. ഉഷ, ഉണ്ണികൃഷ്ണന്, മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം എം. സുരേഷ്, പി.പി. സമീര്‍, ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധി ഇഷ കിഷോര്‍.
ഇതര സംസ്ഥാന വ്യവസായി വിജയ് അഗര്‍വാൽ, നാട്ടുവൈദ്യന് കണ്ണന് വൈദ്യര്, ഡോ. വൈ.എസ്. മോഹന്‍കുമാര്‍, ഇന്ത്യന്‍ വോളി താരം അഞ്ജു ബാലകൃഷ്ണന്, കമാന്റര്‍ (റിട്ട) പ്രസന്ന ഇടയില്ല്യം, കണ്ണൂര്‍ യൂനിവേഴ്സിറ്റി മുന്‍ പരീക്ഷ കണ്ട്രോളര് പ്രഫ. കെ.പി. ജയരാജന്, കണ്ണൂര്‍ യൂനിവേഴ്സിറ്റി മഞ്ചേശ്വരം കാമ്പസ് ഡയറക്ടര്‍ ഷീന ഷുക്കൂര്‍, ശാസ്ത്രജ്ഞനായ ഡോ.എം. ഗോവിന്ദന് എന്നിവര്‍ ഉള്‍പ്പെടുന്നു.
കാസർകോട്: നായന്മാര്മൂല ചെങ്കള പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജീകരിച്ച പരാതി കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് 3,450 പരാതികള്‍.
രാവിലെ എട്ട് മുതല്‍ തന്നെ കൗണ്ടറുകളില്‍ പരാതികളുമായി പൊതുജനങ്ങളെത്തിത്തുടങ്ങിയിരുന്നു. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് പരാതികള്‍ നല്കാന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. 22 പരാതി കൗണ്ടറുകളാണ് വേദിക്ക് സമീപമായി സജ്ജീകരിച്ചത്.
തദ്ദേശ റോഡ് വികസനം ഉള്‍പ്പെടെയുള്ള പൊതു പരാതികളും ലൈഫ് ഭവന പദ്ധതി, വിവിധ ക്ഷേമ പദ്ധതികളിലേക്കുള്ള അപേക്ഷകള്‍, ഭൂമി പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരാതികളാണ് ലഭിച്ചത്. പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും. ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പരാതികള്‍ തീര്‍പ്പാക്കും.
പരാതി കൈപ്പറ്റുന്ന ജില്ലതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചക്കകം ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്കി അപ് ലോഡ് ചെയ്യും. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാല് ആഴ്ചക്കുള്ളില്‍ തീര്‍പ്പാക്കും.
ഉദുമ: ബി.ജെ.പിയുടെ മനസ്സിൽ തങ്ങളെ പറ്റി ചെറിയൊരു നീരസംപോലും ഉണ്ടാകരുതെന്ന നിർബന്ധം എന്തിനാണ് കോൺഗ്രസിനും യു.ഡി.എഫിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. ചട്ടഞ്ചാൽ ഹയർസെക്കൻറി സ്കൂളിൽ ഉദുമ മണ്ഡലം നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിക്കാനും സംസ്ഥാനത്തെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുകയും സംസ്ഥാനത്തിന് അർഹതപ്പെട്ട പലതും പിടിച്ചു വെക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാറിനെതിരെ ശബ്ദിക്കാൻ പ്രതിപക്ഷം തയാറാകാത്തതും എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ ചേർന്ന് സർക്കാർ ഉണ്ടാക്കുമ്പോൾ പരാജയപ്പെട്ട പാർട്ടി പ്രതിപക്ഷത്തിരിക്കുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്.
എന്നാൽ സർക്കാർ എല്ലാവരുടെയും സർക്കാരാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്കെതിരെ ശബ്ദിക്കാൻ പ്രതിപക്ഷം തയാറാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും പരാതികള്‍ അറിയിക്കാനുമായി കാഞ്ഞങ്ങാട്ടേക്ക് ഒഴുകിയ ജനങ്ങള്‍ നിയന്ത്രണാതീതമായപ്പോള്‍ വൈകീട്ട് 3.30ഓടെ പ്രധാന വഴികളെല്ലാം അടച്ചിടേണ്ടി വന്നു. നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന് കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്തു. സദസ്സിലെത്തിയവര്ക്കെല്ലാം കുടിവെള്ളവും ലഘുഭക്ഷണവും ഒരുക്കിയിരുന്നു. 7000ഓളം കസേരകളാണ് സംഘാടകര്‍ ഒരുക്കിയത്.
കേരളത്തിന്റെ പ്രകൃതി ദൃശ്യചാരുതയും, ചരിത്രത്തിലെ നാഴികക്കല്ലുകളായ മുഹൂര്‍ത്തങ്ങളും നേരില്‍ കണ്ട നിമിഷങ്ങള്‍. കേരളത്തിന്റെ ഇന്നലകളിലെ ചരിത്രത്തിന്റെ കനല്‍വഴികള്‍ മുതല്‍ ഇന്ന് നാം ചുവടുവെക്കുന്ന പുതിയ കേരളത്തിന്റെ ചരിത്രം വരെ വിവിധ കലാരൂപങ്ങളിലൂടെ അരങ്ങത്തെത്തിച്ച് കഥയമമ. മണ്ഡലം പരിധിയില്‍ പെടുന്ന 148ഓളം കലാകാരന്മാരാണ് കേരളത്തിന്റെ ചരിത്രം ഫ്യൂഷനിലൂടെ അവതരിപ്പിച്ചത്.
കേരളത്തിന്റെ പ്രകൃതി ദൃശ്യചാരുതയും ചരിത്രത്തിലെ നാഴികക്കല്ലുകളായ മുഹൂര്‍ത്തങ്ങളും ശ്രീ നാരായണ ഗുരു, ഇ.എം.എസ്, മുണ്ടശ്ശേരി, ഒ. ചന്തുമേനോന്‍, വി.ടി. ഭട്ടതിരിപ്പാട്, തുടങ്ങിയ ചരിത്രപുരുഷന്മാരും നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, പാട്ടബാക്കി, അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് തുടങ്ങിയ നാടകങ്ങളിലെ രംഗങ്ങളും കടമ്മനിട്ടയുടെ കുറത്തി, വയലാറിന്റെ ഗാനങ്ങള്‍, അലാമിക്കളി, ഒപ്പന, മംഗലം കളി, കഥകളി, ഓട്ടം തുള്ളല്‍, തെയ്യം, പൂരക്കളി, തിരുവാതിര, നാടോടി നൃത്തം, കൃഷിപ്പാട്ട് , മാര്‍ഗംകളി, ഫ്യൂഷന്‍ - ക്ലാസിക്കല്‍ നൃത്തങ്ങള്‍ തുടങ്ങിയ 27 കലാരൂപങ്ങളാണ് അരങ്ങിലെത്തിയത്. നാടകകൃത്ത് പ്രകാശന് കരിവെള്ളൂരിന്റെ രചനക്ക് നാടകപ്രവര്‍ത്തകനായ ഒ.പി. ചന്ദ്രനാണ് രംഗഭാഷ ഒരുക്കിയത്.
കാഞ്ഞങ്ങാട് മണ്ഡലം നവകേരള സദസ്സിലാണ് ചിലമ്പൊലി നാടന്‍കല നട്ടറിവ് പഠനകേന്ദ്രത്തിന്റെ ഗ്രോത്രപെരുമ നാടന്‍ കലാമേള നടന്നത്. പഴയകാല സിനിമാ ഗാനങ്ങളും നാടക ഗാനങ്ങളും കാണികള്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി.
എ.പി. അഭിരാജ്, ശരത്ത് അത്താഴക്കുന്ന്, സായന്ത്, രഞ്ജു മുള്ളേരിയ, ജിത്തു കൊടക്കാട്, ഹരിത റോബിന്, ഹരിത കൊടക്കാട് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. എം. ശരത്ത്, സന്ദേശ് തട്ടുമ്മല്‍, പ്രണവ് പാലായി, രാമകൃഷ്ണന് കരിച്ചേരി, റോബിന് എന്നിവര്‍ താളവാദ്യങ്ങള്‍ കൈകാര്യം ചെയ്തു.
കാസർകോട്: കാസർകോട് മെഡിക്കൽ കോളജിൽ ഉൾപ്പെടെ വികസന പ്രവൃത്തികൾ മികച്ച നിലയിൽ പുരോഗമിക്കുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ഉദുമ മണ്ഡലത്തിലെ നവകേരള സദസ്സിൽ ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് കാസർകോട് നിർമിച്ച ടാറ്റ ആശുപത്രിയിലൂടെ അനവധി പേരുടെ ജീവനുകളാണ് രക്ഷിക്കാൻ സാധിച്ചത്.
ആരോഗ്യമേഖലയിലെ സർക്കാറിന്റെ സ്തുത്യർഹ ഇടപെടലാണ് ഇത് കാണിക്കുന്നത്. കേരളത്തിൽ 200 പേരിൽ ഒരാൾ മാത്രമാണ് ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെടുന്നത്. എന്നാൽ 100 പേരെ എടുത്താൽ 50 പേരും ദാരിദ്ര്യ പട്ടികയിൽ വരുന്ന സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്.
രാജ്യത്ത് ആളോഹരി വരുമാനത്തിൽ മികച്ച അഞ്ച് സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെടുന്ന കാര്യം ധനമന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.