ഉദുമ: പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിനടുത്തെ പ്രവാസി വ്യവസായി എം.സി. അബ്ദുൽ ഗഫൂർ ഹാജിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസന്വേഷണം ഊർജിതം. ഒന്നരവർഷം മുമ്പ് നടന്ന മരണത്തിലെ ദുരൂഹത നീക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഒരു ഘട്ടത്തിൽ കേസ് അവസാനിപ്പിക്കാനുള്ള ഇടപെടൽ പൊലീസ് ഉന്നതങ്ങളിൽ തന്നെ ഉണ്ടായതാണ് കാരണമായി പറയുന്നത്. കർമസമിതിയുടെ ഇടപെടലിനെ തുടർന്ന് ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി കെ.ജെ. ജോൺസന്റെ നേതൃത്വത്തിൽ വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കെയാണ് കേസിന് പുതിയ ദിശ കൈവന്നിരിക്കുന്നത്.
ഗഫൂർ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ചില സംശയങ്ങൾ നീക്കാൻ രണ്ടു സ്ത്രീകളെ കഴിഞ്ഞ ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. സാധാരണക്കാരായ ഈ സ്ത്രീകളുടെ സാമ്പത്തിക വളർച്ചയിൽ സംശയം തോന്നിയതിനെ തുടർന്നാണിത്. ഇന്നോവ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുന്ന ഇവരുടെ സാമ്പത്തിക ഉറവിടത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടില്ല. ചോദ്യം ചെയ്യൽ അവസാനിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.
പിന്നാലെ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. വനിത എസ്.ഐയുടെയും വനിത സിവിൽ പോലീസ് ഓഫിസർമാരുടെയും സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തത്.
ദേഹപരിശോധന നടത്തി എന്നതുൾപ്പെടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇവർക്ക് സഹായികളായി വർത്തിക്കുന്നത് ആരാണെന്ന അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. സ്വർണക്കടത്തുകാരും രാഷ്ട്രീയ നേതാക്കളും സ്ത്രീകളുടെ പിന്നിലുണ്ടെന്ന് കർമസമിതി സംശയിക്കുന്നു. കേസ് അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് കാണിച്ച് കർമസമിതി കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. അന്വേഷണം ശക്തമായി മുന്നോട്ടുപോകുമെന്ന ഉറപ്പ് ലഭിച്ചതായാണ് അറിവ്.
12ബന്ധുക്കളിൽനിന്ന് സ്വരൂപിച്ച 596 പവൻ സ്വർണാഭരണമാണ് ഗഫൂർ ഹാജിയുടെ മരണത്തോടൊപ്പം കാണാതായത്. പ്രവാസി വ്യവസായിയായ ഗഫൂർ ബന്ധുക്കളിൽനിന്ന് ഇത്രയും സ്വർണം എന്തിന് സ്വരൂപിച്ചു എന്നുള്ളത് ആശങ്കയുണ്ടാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വീടുമായി ബന്ധം പുലർത്തുന്ന സ്ത്രീയെയും സുഹൃത്തിനെയും സംശയിച്ചു. അബ്ദുൽ ഗഫൂറിന്റെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പൂച്ചക്കാട് ജുമാമസ്ജിദിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് കാഞ്ഞങ്ങാട് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്തു. ഇതിൽ മരണകാരണം തലക്കേറ്റ ക്ഷതമാണെന്നും ആന്തരികാവയവം രാസപരിശോധനക്ക് വിടുകയുമായിരുന്നുവന്നും ഇവർ പറയുകയുണ്ടായി. സംശയിക്കുന്നവരെ പലതവണ ചോദ്യം ചെയ്തുവെന്നല്ലാതെ പ്രതികളാക്കാൻ സാഹചര്യത്തെളിവുകൾ ലഭിച്ചില്ലെന്നാണ് പൊലീസ് ആദ്യഘട്ടത്തിൽ പറയുന്നത്.
ബേക്കൽ: ഗഫൂർ ഹാജിയുടെ മരണം സംബന്ധിച്ച അന്വേഷണം ശരിയായ വഴിയിലാണെന്നും അന്വേഷണം വഴിതെറ്റിച്ചാൽ സമരമെന്നും കർമസമിതി. മാനസിക പീഡനം എന്ന് പറഞ്ഞ് ആശുപത്രിയിൽ പോയി അഡ്മിറ്റാകുന്നത് എന്തുദ്ദേശ്യത്തോടെയാണെന്നു മനസ്സിലാകുന്നില്ല. ഇത്തരക്കാർക്ക് ചില ഉന്നതരുടെ പിന്തുണയുണ്ട്. പ്രതികളെന്നു സംശയിക്കുന്നവരുടെ സാമ്പത്തിക ഇടപാടുകളും ഉറവിടവും കണ്ടെത്തണം. 2023 ഏപ്രിൽ 14ന് പുലർച്ചയാണ് അബ്ദുൾ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണം ബേക്കൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് നടന്നത്. വർഷം ഒന്ന് കഴിഞ്ഞിട്ടും ഒരു പുരോഗതിയും ഉണ്ടായില്ല. തുടർന്നാണ് ക്രൈംബ്രാഞ്ചിനു വിട്ടത്.
ഭാര്യയും മക്കളും ബന്ധുവീട്ടിലായിരുന്ന ദിവസമാണ് ഗഫൂർ ഹാജി മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്.
കർമസമിതി ചെയർമാൻ ഹസൈനാർ ആമു ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ സുകുമാരൻ പൂച്ചക്കാട്, സിദ്ദിഖ് പള്ളിപ്പുഴ, പി.കെ. അബ്ദുൽ റഹ്മാൻ മാസ്റ്റർ, ചോണായി മുഹമ്മദ് കുഞ്ഞി, ബി.എം. മൂസ, കപ്പണ അബൂബക്കർ, മാഹിൻ പൂച്ചക്കാട്, കുഞ്ഞാമദ് മദർ ഇന്ത്യ, മുഹമ്മദ് അലി പൂച്ചക്കാട്, കെ.എസ്. മുഹാജിർ, ബഷീർ പൂച്ചക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.