കാസർകോട്: കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗചികിത്സ സംവിധാനങ്ങള്‍ എത്തിക്കുക എന്ന സര്‍ക്കാറിന്റെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ് സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് അനിമല്‍ ഡിസീസ് കണ്ട്രോള് എന്ന പദ്ധതിയുടെ കീഴില്‍ ആദ്യഘട്ടമായി ജില്ലയില്‍ രണ്ട് ബ്ലോക്കുകളില്‍ കര്‍ഷകര്‍ക്ക് സേവനം ലഭ്യമാക്കാനായി മൊബൈല്‍ വെറ്ററിനറി യൂനിറ്റുകള്‍ ഉടന്‍ ആരംഭിക്കും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററിലൂടെയാണ് സേവനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കര്‍ഷകര്‍ക്ക് 1962 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ ഈ കാള്‍ സെൻററുമായി ബന്ധപ്പെടാം. കര്‍ഷകര്‍ക്ക് സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിനും ഈ നമ്പറില്‍ ബന്ധപ്പെടാം.
അത്യാവശ്യ സേവനത്തിന് പൂര്‍ണസജ്ജമായ ഈ മൊബൈല്‍ യൂനിറ്റുകള്‍ വീട്ടുപടിക്കലെത്തി സേവനങ്ങള്‍ നല്‍കും. സംസ്ഥാനത്ത് ആകെ 29 ബ്ലോക്ക് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കരാറടിസ്ഥാനത്തില്‍ ഓരോ വാഹനത്തിലും ഒരു വെറ്ററിനറി ഡോക്ടര്‍, ഒരു പാരവെറ്റ്, ഒരു ഡ്രൈവര്‍ കം അറ്റന്‍ഡൻറ് എന്നിവരെ അനുവദിച്ചിട്ടുണ്ട്. ജില്ലയില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് ബ്ലോക്കുകളിലാണ് ഇപ്പോള്‍ സേവനം ലഭ്യമാവുക.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലും ഉദുമ, പെരിയ, പള്ളിക്കര, അജാനൂര്‍, മടിക്കൈ എന്നീ പഞ്ചായത്തുകളിലും കാസര്‍കോട് ബ്ലോക്കില്‍ ചെമ്മനാട്, ബദിയടുക്ക, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലും ഈ പദ്ധതിയുടെ സേവനം ലഭ്യമാക്കും. ഉച്ചക്ക് ഒന്ന് മുതല്‍ രാത്രി എട്ടു വരെ സേവനം ലഭ്യമാവും. ടോള്‍ ഫ്രീ സേവനം ജില്ലയില്‍ നിലവില്‍ ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ യൂനിറ്റ് ജില്ലതല ഉദ്ഘാടനം അടുത്താഴ്ചയാണ്.
തുടക്കത്തില്‍ കര്‍ഷകര്‍ ഇതിന്റെ സേവനങ്ങള്‍ക്കായി നിശ്ചിത തുക നല്‍കണം. കന്നുകാലികള്‍ക്ക് 450 രൂപയും പട്ടി, പൂച്ച തുടങ്ങിയ ഓമനമൃഗങ്ങള്‍ക്ക് 950 രൂപയുമാണ് ചികിത്സാ തുക നല്‍കേണ്ടത്. ഈ തുക പിന്നീട് ഇവർക്ക് തിരിച്ചു ലഭിക്കുന്ന രീതിയില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി നടപ്പിലാക്കും.
കര്‍ഷകര്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുക എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ജില്ലയില്‍ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബി. സുരേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജി.എം. സുനില്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ജി. ജയപ്രകാശ്, പി.ആര്.ഒ ഡോ.എ. മുരളീധരന്, ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ല കോഓഡിനേറ്റര്‍ ഡോ.എസ്. മഞ്ജു, കാഞ്ഞങ്ങാട് ബ്ലോക്ക് ചാര്‍ജ് ഓഫീസര്‍ ഡോ.കെ. വസന്തകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.