കാസർകോട്: വൈകിയെത്തിയ കാലവർഷം മൂന്നുദിവസമായി ജില്ലയിൽ തിമിർത്തു പെയ്യുന്നു. പലയിടത്തും വെള്ളം കയറിത്തുടങ്ങി. ചൊവ്വാഴ്ച ജില്ലയിൽ റെഡ് അലർട്ടായിരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കാസർകോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. ബുധനാഴ്ചയും ജില്ലയിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗൻവാടികൾ, മദ്റസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും ജില്ല കലക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. അവധിമൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. കോളജുകൾക്ക് അവധി ബാധകമല്ല.
അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. അതിനാൽ മലയോരമേഖലയിലെ റോഡുകളിലൂടെ രാത്രി ഏഴുമണി മുതൽ രാവിലെ ഏഴുമണി വരെ അടിയന്തര യാത്രകൾ അല്ലാത്തവക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.
ദേശീയപാത നിർമാണം നടക്കുന്ന ഇടങ്ങളിൽ പലയിടത്തും ശക്തമായ മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇവ പരിഹരിക്കുവാൻ അടിയന്തര നിർദേശം നൽകി. ദേശീയപാത വഴിയുള്ള ഇരുചക്ര വാഹനയാത്ര പരമാവധി ഒഴിവാക്കേണ്ടതാണെന്നും ജില്ല കലക്ടർ കെ. ഇമ്പശേഖർ പറഞ്ഞു.
ദേശീയപാത ആറുവരിപ്പാത നിർമാണ പ്രവൃത്തി പുരോഗമിക്കുന്നയിടങ്ങളിൽ ശക്തമായ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടും യാത്രാക്ലേശവും പരിശോധിക്കുന്നതിന് കലക്ടർ കാസർകോട് മുതൽ തലപ്പാടി വരെ ചൊവ്വാഴ്ച പരിശോധന നടത്തി. തിങ്കളാഴ്ച ചെങ്കള മുതൽ കാഞ്ഞങ്ങാടുവരെ പരിശോധിച്ച് പ്രശ്നപരിഹാരത്തിന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
•അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കേണ്ടതാണ്.
•വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി ത്താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
•അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കുക.
•സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം..
•ദുരന്തസാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കുക
•ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല
•ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
•മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.
•കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.