കാസർകോട്: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ഈവര്‍ഷം മൂന്നു കോടിയോളം രൂപ ചെലവഴിച്ച് സോളാര്‍ തൂക്കുവേലി സ്ഥാപിക്കുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ. വനം വകുപ്പിന്റെ കർണാടക അതിർത്തിയിലുള്ള തലപ്പാടി സംയോജിത ചെക്ക്പോസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാഞ്ഞങ്ങാട്ട് 31.25 കിലോമീറ്റര്‍ തൂക്കുവേലി സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കും അനുവാദം നല്കി.
ജനങ്ങളെ വന്യജീവി ആക്രമത്തില്‍ നിന്നു സംരക്ഷിക്കാനുള്ള നടപടികളാണ് തീരുമാനിച്ചത്. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, കര്‍ഷക സമൂഹം എല്ലാവരും ചേര്‍ന്ന് പ്രതിരോധം തീര്‍ക്കാനുള്ള പണം കണ്ടെത്തുന്നതിനുള്ള മാതൃക കാണിച്ച കേരളത്തിലെ ആദ്യ ജില്ലയാണ് കാസര്‍കോട് ജില്ല. കാറഡുക്ക ബ്ലോക്ക് പഞ്ചായത്താണ് മാതൃക കാട്ടിയത്.
ഇതേ മാതൃകയിൽ വയനാട് ജില്ലയിലെ വൈത്തിരി പഞ്ചായത്തും ഇതുപോലുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ മാത്രം ഇടപെടലിന് കാത്തുനില്‍ക്കാതെ എം.എല്‍.എമാര്‍ മുന്‍കൈയെടുത്ത് വനാതിര്‍ത്തിയില്‍ പ്രശ്നങ്ങളുള്ള ഗ്രാമപഞ്ചായത്തുമായി സംസാരിച്ച് എം.എല്‍.എ ഫണ്ടില്‍ നിന്നും വകയിരുത്താന്‍ സാധിക്കുമെങ്കിൽ വേലി സ്ഥാപിക്കുന്നതിന് ശ്രമിക്കണമെന്നും മഞ്ചേശ്വരം മണ്ഡലം കേരളത്തിന് മാതൃകയാകണമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ എ.കെ.എം. അഷറഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് മെംബർ കെ. കമലാക്ഷി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷഫ ഫാറൂഖ്, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീൻ ലെവേനോ മൊണ്ടേരിയോ സാമൂഹിക വനവത്കരണം ഡി.സി.എഫ് പി. ധനേഷ് കുമാർ, ഡി.എഫ്.ഒ ഫ്ലയിങ് സ്ക്വാഡ് അജിത് കെ. രാമൻ എന്നിവർ സംസാരിച്ചു. കണ്ണൂർ ഉത്തര മേഖല മുഖ്യവനപാലക കെ.എസ്. ദീപ സ്വാഗതവും പി. ബിജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.