ചക്കരക്കല്ല്: ചക്കരക്കല്ല് ബസ് സ്റ്റാൻഡിൽ ഷോപ്പ് കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം നടത്തിയ യുവതിയെ ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തു. ബസ് സ്റ്റാൻഡിലെ അപ്പൂസ് സ്റ്റേഷനറി കടയും ലോട്ടറി സ്റ്റാളും നടത്തിവരുന്ന ബാവോട് ബ്ലുവെൽസിൽ സവിതയെയാണ് (47) ബുധനാഴ്ച വൈകീട്ട് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുകയായിരുന്ന സവിതയെ ഷോപ്പ് റെയ്ഡ് നടത്തി പിടികൂടുകയായിരുന്നു. ഒറ്റ നമ്പർ ചൂതാട്ടം നടത്താൻ ഉപയോഗിച്ച കുറിപ്പടികളും മൊബൈൽ ഫോണും 13,500 രൂപയും പിടിച്ചെടുത്തു. ഓൺലൈൻ ലോട്ടറി ചൂതാട്ടത്തിന്റെ മുഖ്യ കണ്ണിയാണെന്ന് ചക്കരക്കല്ല് പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഷോപ്പ് പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇന്നലെ പൊലീസ് റെയ്ഡ് നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മൊബൈൽ എജൻറുമാരുണ്ട്. ഇവരിൽ പലരും പൊലീസ് നിരീക്ഷണത്തിലാണ്. പ്രതിയെ ബുധനാഴ്ച രാത്രി തലശ്ശേരി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ചക്കരക്കല്ല് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻ ചാർജ് വി.എം. വിനീഷ്, എസ്.ഐ രാജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.